കര്‍ക്കിടകം വന്നെത്തുമ്പോള്‍ ആരോഗ്യം നോക്കുന്നതുപോലെ തന്നെയാണ് അമ്പല ദര്‍ശനവും പ്രാര്‍ത്ഥനയും. രാമായണം വായിക്കുന്നവര്‍ക്ക് ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് അറിയാം. ഈ പുണ്യനാളുകളില്‍ ശ്രീരാമലക്ഷ്മണഭരതശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് പുണ്യമാണ്. ഇതിനെയാണ് നാലമ്പലദര്‍ശനം എന്നു വിശേഷിപ്പിക്കുന്നത്.
കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലങ്ങള്‍ അടുത്തടുത്താണ്. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്ന് കിലോമീറ്ററിനുള്ളില്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കു മുന്‍പ് ദര്‍ശനം നടത്തുവാന്‍ സാധിക്കും.
രാമനാമത്തിലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പുലം ശ്രീ ലക്ഷ്മണ സ്വാമിക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമിക്ഷേത്രത്തിലും, മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനുശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശനം നടത്തുന്നതോടെ നാലമ്പലദര്‍ശനം പൂര്‍ണ്ണമാകുന്നു.
നാലുക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഉഗ്രമൂര്‍ത്തിയായ ഭദ്രകാളിക്ഷേത്രങ്ങളും, ശ്രീരാമസ്വാമിക്ഷേത്രത്തോടനുബന്ധിച്ച് ഭക്തഹനുമാന്റെ ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ്. മറ്റുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ പ്രധാന വഴിപാടുകളും സവിശേഷതയുള്ളതാണ്.
ശ്രീരാമസ്വാമിക്ക് അമ്പും, വില്ലും, സമര്‍പ്പണം, ശ്രീലക്ഷ്മണസ്വാമിക്ക് ചതുര്‍ബാഹു സമര്‍പ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമര്‍പ്പണം, ശ്രീശത്രുഘ്‌നസ്വാമിക്ക് ശ്രീചക്രസമര്‍പ്പണം എന്നിവയാണ്. കര്‍ക്കിടക മാസത്തിലെ ദര്‍ശനസമയം രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും വൈകിട്ട് 5 മുതല്‍ 7.30 വരെയുമായിരിക്കും.
Post Your Comments