മരണത്തിന്റെ ലോകത്തു നിന്നും ജീവനിലേക്കുള്ള മാർഗ്ഗമാണ് മാമ്മോദീസ എന്ന കൂദാശ. ഓരോ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളവും സഭ കുടുംബത്തിലേക്കുള്ള പ്രവേശനമാണ് മാമ്മോദിസയിലൂടെ സംഭവിക്കുന്നത്. പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തിൽ മുതിർന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ നിന്നു കൊണ്ട് ഒരു ശിശുവിനെ സഭാമാതാവിന്റെ പക്കലേയ്ക്ക് സ്വീകരിക്കുന്ന ഒന്നാമത്തെ കൂദാശയാണ് മാമ്മോദീസ. ദൈവവുമായുള്ള സംസർഗ്ഗത്തിന്റെ ആരംഭമായ ഈ കൂദാശ പ്രാഥമിക കൂദാശ എന്നാണ് അറിയപ്പെടുന്നത്. മാമ്മോദീസ വഴി കൃപയുടെ ഒരു ആത്മീയ ഭണ്ടാരത്തിലേക്കാണ് ഓരോ കുഞ്ഞും കടന്നു വരുന്നത്.
മാമ്മോദീസ്സായിലൂടെ സഭയിൽ അംഗമാകുന്ന ഓരോരുത്തരും ദൈവത്തിന്റെ പുത്രീ പുത്രന്മാരായി തിരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുന്നത്. പിതാവായ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് അംഗീകരിച്ചു പുത്രനായ മിശിഹായുടെ സഹോദരനാകാനുള്ള വിളിയാണ് ഓരോ കൂദാശയും. കൂടാതെ ദൈവത്തിന്റെ ആത്മാവിനെ സഹായിയും സംരക്ഷകനുമായ ലഭിക്കുന്നു. ശിശുവിന് വേണ്ടി തിരിനാളത്തിന്റെ സാന്നിധ്യത്തിൽ തലതൊട്ടപ്പൻ വിശ്വാസപ്രമാണം ഏറ്റു പറയുമ്പോൾ മുതൽ അവൻ വിശാസികളുടെ സമൂഹത്തിൽ അംഗമാവുകയാണ്.
വിശുദ്ധ സ്നാനത്തിലൂടെ ദൈവവുമായുള്ള ആഴമായ ബന്ധത്തിലേക്കാണ് ഓരോ വ്യക്തിയും കടന്നു വരുന്നത്. ഈ ആഴമായ ബന്ധം വിശ്വാസ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനു സഹായിക്കുന്നു. മാമ്മോദീസയിൽ കത്തിച്ച തിരി നൽകുക വഴി ഒരു വലിയ ദൗത്യമാണ് ഓരോ വിശ്വാസിയിലും ഏല്പിക്കപ്പെടുന്നത്. ക്രിസ്തുവിൽ നിന്ന് സത്യത്തിന്റെ പ്രകാശം സ്വീകരിച്ചു ലോകത്തിലേക്ക് പകരുവാനുള്ള വലിയ ദൗത്യമാണത്. ചുരുക്കത്തിൽ മാമ്മോദീസയിലൂടെ ഓരോ വ്യക്തിയും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെടുന്നത്. പ്രകാശമാകുന്ന ക്രിസ്തുവിനെ ഉള്ളിൽ സ്വീകരിച്ച് ലോകത്തിനു മുഴുവൻ മാതൃകയാകാനുള്ള വിളിയാണ് ഈ കൂദാശ.
Post Your Comments