Latest NewsNewsInternational

ചൈനീസ് കരസേന അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നു

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കരസേനയായ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിന്റെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നു. സൈന്യത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിക്കുറച്ചില്‍ ചൈന വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈന കരസേനാംഗങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കി കുറയ്ക്കുന്നത് ഇതാദ്യമായാണ്.

സൈനികരുടെ എണ്ണം 23 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമായി കുറച്ചേക്കുമെന്ന് സൈന്യത്തിന്റെ ഔദ്യോഗിക പത്രമായ പിഎല്‍എ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു. നാവികസേന, മിസൈല്‍ ഫോഴ്‌സ് അടക്കമുള്ള മറ്റ് സൈനിക സേവന മേഖലകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത്.

കരസേനയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഴയ ഘടനക്ക് പുതിയ രീതിയിലുള്ള പരിഷ്‌കരണത്തോടെ ആവശ്യമായ മാറ്റങ്ങള്‍ വരും. ചൈനയുടെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളും സുരക്ഷാ ആവശ്യകതയും അനുസരിച്ചായിരിക്കും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക. പോരാട്ടവും പ്രതിരോധവും ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടായിരിക്കും മാറ്റങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാവികസേന, സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ്, റോക്കറ്റ് ഫോഴ്‌സ് എന്നിവയുടെ അംഗബലം വര്‍ധിപ്പിക്കും. എന്നാല്‍ വ്യോമ സേനയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. നേരത്തെ സൈന്യത്തിന്റെ എണ്ണം കുറയ്ക്കുമെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ്ങ് പറഞ്ഞിരുന്നു. മൂന്ന് ലക്ഷം സൈനികരെ കുറയ്ക്കുമെന്നാണ് അന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button