Latest NewsNewsInternational

ഇന്ത്യ-ചൈന ശീത യുദ്ധം തുറന്ന പോരിലേയ്ക്ക് : ചൈന പ്രകോപനം തുടരുന്നു : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുദ്ധകപ്പലുകള്‍

 

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന ശീതയുദ്ധം തുടരുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി വിന്യസിച്ച് ചൈനയുടെ പ്രകോപനം. ചൈനീസ് നാവിക സേനയുടെ കപ്പല്‍ ചോങ്മിങ്ഡോയാണ് മുങ്ങിക്കപ്പലിന് അകമ്പടി സേവിക്കുന്നത്. മേഖലയില്‍ ചൈന വിന്യസിക്കുന്ന ഏഴാമത്തെ മുങ്ങിക്കപ്പലാണിതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഇന്ത്യന്‍ മഹാ സമുദ്രത്തിനോട് ചേര്‍ന്ന് ചൈനീസ് സൈന്യം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്ന വിവരം ഇന്ത്യന്‍ നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ചൈന വര്‍ധിപ്പിക്കുന്നത് 2013-14 കാലത്താണ്. ഏദന്‍ കടലിടുക്കിലെ സമുദ്ര കൊള്ളക്കാരെ തുരത്തുകയെന്നതാണ് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്ത്യക്കുള്ള മുന്നറിയിപ്പു കൂടിയായിട്ടാണ് ഈ നീക്കത്തെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

മൂന്ന് പോര്‍ കപ്പലുകളാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നതെങ്കില്‍ പിന്നീട് പടിപടിയായി ഉയര്‍ത്തുകയായിരുന്നു. അടുത്തിടെ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 14 ചൈനീസ് പടക്കപ്പലുകള്‍ കണ്ടെത്തിയിരുന്നു. ചൈനീസ് സൈന്യത്തിലെ അത്യാധുനിക കുമ്മിംങ്, ലുയാങ് 3 തുടങ്ങിയ പടക്കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. കരയില്‍ നിന്നും വായുവിലേക്കുള്ള മിസൈലുകളും ദീര്‍ഘ ദൂര മിസൈലുകളും തൊടുക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ചെറുതല്ലാത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ചൈനീസ് നാവികസേനയുടെ മേഖലയിലെ നീക്കങ്ങളെ ഇന്ത്യ അമേരിക്കന്‍ നിര്‍മിത പി81 പോര്‍ വിമാനങ്ങളുപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്. 2013 ഡിസംബറിലാണ് ചൈന ആദ്യമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇത് ചൈന തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പിന്നീട് 2014 ഓഗസ്റ്റ്- ഡിസംബര്‍ കാലത്ത് സോങ് ക്ലാസ് ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെത്തി. ഇതിന് പിന്നാലെ വീണ്ടും ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിച്ചു.

നിലവില്‍ ആറ് മാസത്തിലേറെയായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യമുണ്ട്. മേഖലയിലെ സമുദ്രത്തിന്റെ അടിത്തട്ടിനെക്കുറിച്ച് കൂടുതല്‍ വിവരശേഖരണം നടത്തുകയാണ് ഈ മുങ്ങിക്കപ്പലുകളുടെ ലക്ഷ്യമെന്നും കരുതുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ ഭാവിയില്‍ മുങ്ങിക്കപ്പലുകളുടെ നീക്കത്തെ കൂടുതല്‍ അനായാസമാക്കും. മുങ്ങിക്കപ്പലുകള്‍ക്കൊപ്പം ചൈനീസ് ചാര കപ്പലായ ഹെയ്വിങ്സിങ് ഇന്ത്യന്‍ സമുദ്രത്തിലെത്തിയെന്ന മുന്നറിയിപ്പുകളുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button