തിരുവനന്തപുരം: ഡി.ജി.പി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം ടി.പി സെന്‍കുമാര്‍ വിവാദങ്ങളുടെ തോഴനാണ്. കഴിഞ്ഞ ദിവസം മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണമാണ് ഇപ്പോള്‍ ടി.പി.സെന്‍കുമാറിന് എതിരെയുള്ളത്. അതേസമയം തന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്തെത്തി. സത്യമേവ ജയതേ എന്ന വാചകത്തില്‍ അടിയുറച്ച് ജീവിക്കണമെന്ന് ടിപി സെന്‍കുമാര്‍. സത്യത്തില്‍ ഉറച്ച് നില്‍ക്കാനുളള ധൈര്യം ഉണ്ടാകണം, സത്യം പറയുമ്പോള്‍ ഭയപ്പാടുണ്ടാകുന്നത് ശരിയല്ല എന്നും ടി പി സെന്‍കുമാര്‍.
താന്‍ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഐഎസും, ആര്‍എസുംഎസും രണ്ടാണെന്ന നിലപാടില്‍ ഉറച്ച് നില്ക്കുന്നു. ഒരു പാര്‍ട്ടിയിലും ചേരാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് ലൗജിഹാദ് ഉണ്ട്. ജിഹാദിനെകുറിച്ചുളള അഭിപ്രായത്തിലും മാറ്റമില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തത് തെറ്റല്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഭീകരപ്രസ്ഥാനമായ ഐഎസിനേയും സംഘപരിവാര്‍ സംഘടനയായ ആര്‍എസ്എസിനേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആര്‍എസ്എസ് അപകടകാരികളല്ലെന്നും കേരളത്തില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് ആപത്കരമാണെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. സമകാലിക മലയാളം വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതിനുപിന്നാലെ ബിജെപി മുഖപത്രമായ ജന്മഭൂമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിലും സെന്‍കുമാര്‍ പങ്കെടുത്തിരുന്നു. സുരേഷ്ഗോപി എംപി, ഒ രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജന്മഭൂമിയുടെ പരിപാടിയില്‍ സെന്‍കുമാറിനെയും ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തെ, സെന്‍കുമാര്‍ തന്നെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരേ സുപ്രീംകോടതിയില്‍ പരാതി നല്‍കിയത് സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച വന്നപ്പോള്‍ മുഖ്യമന്ത്രി പിണിറായി വിജയന് സെന്‍കുമാര്‍ ഇപ്പോള്‍ ആര്‍എസ്എസ് ചേരിയിലാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പറഞ്ഞിരുന്നു.
Post Your Comments