
കൊച്ചി: കൊച്ചി റേഞ്ചിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ഓപ്പറേഷൻ മൺസൂൺ എന്ന പേരിലുള്ള പ്രത്യേക പരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ച 767 ഡ്രൈവർമാർ പിടിയിലായി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കൊച്ചി റേഞ്ച് ഐജി പി വിജയന്‍റെ നിർദ്ദേശ പ്രകാരം ശനിയാഴ്ച്ച വൈകിട്ട് 5 മുതൽ ഞായറാഴ്ച വൈകിട്ട് 5 വരെയായിരുന്നു പരിശോധന. കൊച്ചി റേഞ്ചിനു കീഴിൽ വരുന്ന കൊച്ചി സിറ്റി,എറണാകുളം റൂറൽ,ആലപ്പുഴ,കോട്ടയം,ഇടുക്കി,എന്നീ ജില്ലകളിലെ ജില്ലാ മേധാവിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത് ഒളിവില്‍ കഴിഞ്ഞിരുന്ന 12 പ്രതികളേയും 391 ജാമ്യമില്ലാ വാറന്‍റ് പ്രതികളേയും പരിശോധനയില്‍ പിടികൂടാനായതായി പോലീസ് അറിയിച്ചു.ഇതോടൊപ്പം 85 ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരെയും 245 ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാരെയും പരിശോധനയ്ക്ക് വിധേയരാക്കി.
അമിതവേഗത്തില്‍ വാഹനമോടിച്ചതിനും മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയതിനും 616 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വാഹന ലംഘനത്തിന് 5,602 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. തുടർന്നും ഓപ്പറേഷൻ മൺസൂണിന്‍റെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്ന് ഐ ജി പി വിജയൻ അറിയിച്ചു.
Post Your Comments