പ്രേമാഞ്ജലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി വരിക്കാശ്ശേരിമനയില്‍ എത്തിയ നടന്‍ അനൂപ് ചന്ദ്രന്‍ വഴിയരികില്‍ കണ്ട, കമ്പികയറി പുഴുവരിച്ച മുറിവുമായി അലഞ്ഞുനടന്ന തെരുവുപട്ടിയ്ക്ക് പുതുജീവന്‍ ലഭിച്ചു. താരത്തിന്‍റെ സമയോജിതവും കാരുണ്യ പൂര്‍വ്വവുമായ ഇടപെടല്‍ മൂലമാണ് ഇത് നടന്നത്.
സംഭവമിങ്ങനെ… വരിക്കാശ്ശേരിമനയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് അനൂപ് ചന്ദ്രന്‍ കാലില്‍ കമ്പികയറി, മുറിവുമായി പട്ടി തെരുവില്‍ക്കിടക്കുന്നത് കണ്ടത്. വ്രണത്തില്‍ പുഴുവരിച്ചു തുടങ്ങിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട താരം ഷൂട്ടിങ്ങിനിടയില്‍ ഭക്ഷണംനല്‍കി ഇണക്കിയെടുത്ത ശേഷം പട്ടിപിടിത്തക്കാരെ എത്തിച്ച് പിടികൂടി ഒറ്റപ്പാലം മൃഗാസ്പത്രിയിലെത്തിച്ചു. കാലില്‍ തുളച്ചിരിക്കുന്ന കമ്പി പുറത്തെടുത്തു ചികിത്സ നല്‍കി വിട്ടയക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് ആശുപത്രിയില്‍ ഏല്‍പ്പിച്ചത്..
പ്രാഥമിക ചികിത്സയ്ക്കുശേഷം അടുത്തദിവസം കമ്പി പുറത്തെടുക്കാമെന്ന് ആസ്പത്രി അധികൃതര്‍ അറിയിക്കയുംചെയ്തു. എന്നാല്‍, രണ്ടുദിവസംകഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ പട്ടിയെക്കുറിച്ചന്വേഷിച്ചപ്പോള്‍ ഇത് കൂടിനുള്ളില്‍നിന്ന് രക്ഷപ്പെട്ടെന്നായിരുന്നു മൃഗാസ്പത്രി അധികൃതരുടെ മറുപടിയെന്ന് അനൂപ് ചന്ദ്രന്‍ പറയുന്നു.
പട്ടിക്ക് ചികിത്സ നല്‍കുകയോ കമ്പി പുറത്തെടുക്കുകയോ ചെയ്യാതെ വിട്ടയച്ചതില്‍ അനൂപ് ചന്ദ്രന്‍ പ്രതിഷേധിച്ചു. കേന്ദ്രമന്ത്രി മേനകാഗാന്ധിക്ക് പരാതി നല്‍കുമെന്നു അറിയിച്ച അനൂപ് ഈ വിഷയം മൃഗസംരക്ഷണവിഭാഗം സംസ്ഥാന-ജില്ലാ തലത്തിലെ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് അറിയിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ മൃഗാസ്പത്രി അധികൃതര്‍ ഒറ്റപ്പാലം ടൗണില്‍നിന്ന് കമ്പികയറി ഗുരുതരാവസ്ഥയിലുള്ള പട്ടിയെ വീണ്ടും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെതന്നെ ശസ്ത്രക്രിയനടത്തി കമ്പി പുറത്തെടുത്തു. ഇക്കാര്യം വെറ്ററിനറി ഡോക്ടര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് മൃഗാസ്പത്രിയിലെത്തി പട്ടിയെ കണ്ടെന്നും ചങ്ങലവാങ്ങി നല്‍കിയെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.
Post Your Comments