നാലര വർഷം മുൻപു പിണറായി വിജയന്റെ കാറിടിച്ചു നട്ടെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഗൃഹനാഥന്റെ ജീവിതം ദുരിതത്തിൽ. കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന ഗുരുസ്വാമിക്കു പരുക്കേൽക്കുന്നത് 2013 ജനുവരിയിലാണ്. ജോലി കഴിഞ്ഞു മറ്റൊരാളുടെ ബൈക്കിന്റെ പിറകിലിരുന്നു സഞ്ചരിക്കുകയായിരുന്ന ഗുരുസ്വാമിയെ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കാര്‍ ഇടിക്കുകയായിരുന്നു. ജോലിക്കു പോകാനോ ചികിത്സയ്ക്കു പണം കണ്ടെത്താനോ ഈ അറുപതുകാരനു കഴിയുന്നില്ല.
വയയ്ക്കൽ പാറവിള പുത്തൻവീട്ടിൽ ഗുരുസ്വാമിക്കാണ് ഈ ദുരവസ്ഥ. അപകടത്തിൽ ഗുരുസ്വാമിയുടെ കാലൊടിഞ്ഞു. നട്ടെല്ലിനും ക്ഷതം സംഭവിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ജോലിക്കു പോകാൻ കഴിയാതായി. അടിയന്തര ശസ്ത്രക്രിയ നടത്തി കാലിൽ കമ്പിയിട്ടു ബലം നൽകി. സംഭവം അറിഞ്ഞു പാർട്ടി പ്രവർത്തകർ 10,000 രൂപ സ്വരൂപിച്ചു നൽകിയതായി ഗുരുസ്വാമി പറയുന്നു. ഭാര്യ വത്സല തൊഴിലുറപ്പ് ജോലിയെടുത്താണു കുടുംബം പോറ്റുന്നത്.
കാലിൽ സ്ഥാപിച്ച മ്പി ഒരു വർഷത്തിനുശേഷം നീക്കം ചെയ്യണമെന്നാണു ഡോക്ടർമാർ പറഞ്ഞിരുന്നത്. പണം ഇല്ലാത്തതിനാൽ സാധിച്ചിട്ടില്ല. മൂന്നു പെൺമക്കളാണുള്ളത്. മക്കളുടെ വിവാഹം നടത്തിയതിൽ ബാധ്യതയുമുണ്ട്. സാമ്പത്തിക പരാധീനത കാരണം കടുത്ത ബുദ്ധിമുട്ടിലാണു കുടുംബം. വിവരം മുഖ്യമന്ത്രി അറിഞ്ഞാൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണു കുടുംബം.
Post Your Comments