ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, സ്കൈപ്പ്, ഫയര്‍ഫോക്സ് തുടങ്ങി 40 ഓളം പ്രമുഖ ആപ്ലിക്കേഷനുകളില്‍ നിന്നും പുതിയതായി കണ്ടെത്തിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ‘സ്പൈ ഡീലര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ മാല്‍വെയർ കണ്ടെത്തിയത് പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക് റിസര്‍ച്ചേഴ്സാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ ആപ്ലിക്കേഷനുകള്‍ വഴി ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മെസേജിങ് ആപ്ലിക്കേഷനുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പോലും മാല്‍വെയര്‍ ചോര്‍ത്തുന്നുണ്ടെന്ന് പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്ക് റിസര്‍ച്ചേഴ്സ് പറയുന്നു.
ആന്‍ഡ്രോയിഡ് ആക്സസബിലിറ്റി സര്‍വ്വീസ് ദുരുപയോഗം ചെയ്താണ് സോഷ്യല്‍ മീഡിയാ, മെസേജിങ് ആപ്ലിക്കേഷനുകളില്‍ നിന്നുമുള്ള രഹസ്യാത്മകമായ സന്ദേശങ്ങള്‍ ചോര്‍ത്തുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ കടന്നുകയറാനും നിലനില്ക്കുന്നതിനും ബൈദു ഈസി റൂട്ട് എന്ന ആപ്ലിക്കേഷന്റെ സാധ്യതകളും സ്പൈ ഡീലര്‍ ഉപയോഗിക്കുന്നുണ്ട്. ഫോണ്‍ നമ്പര്‍, ഐഎംഈഐ, ഐഎംഎസ്ഐ, എസ്എംഎസ്, എംഎംഎസ്, കോണ്ടാക്റ്റ്, അക്കൗണ്ട്സ്, കോള്‍ ഹിസ്റ്ററി, വൈഫൈ വിവരങ്ങള്‍ തുടങ്ങി നിരവധി വിവരങ്ങള്‍ ഉപകരണങ്ങളില്‍ നിന്നും ചോര്‍ത്താന്‍ സ്പൈ ഡീലറിന് സാധിക്കുന്നുണ്ട്.
ഒരു പ്രത്യേക നമ്പറില്‍ നിന്നുള്ള കോളുകള്‍ ഈ മാൽവെയർ ഓട്ടോമാറ്റിക് ആയി സ്വീകരിക്കും. യുഡിപി, ടിസിപി, എസ്എംഎസ് ചാനലുകള്‍ വഴിയാണ് ഉപകരണങ്ങളെ മറ്റു സ്ഥലങ്ങളില്‍ നിന്നും നിയന്ത്രിക്കുക. ഫോണ്‍ കോള്‍, വീഡിയോ, മറ്റ് ശബ്ദങ്ങള്‍ എന്നിവ നിങ്ങളറിയാതെ തന്നെ ഇവ റെക്കോര്‍ഡ് ചെയ്യും. അതുപോലെ മുന്നിലെയും പിന്നിലേയും ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ഉപകരണത്തിന്റെ സ്ഥാനം നിരീക്ഷിക്കുക, സ്ക്രീന്‍ ഷോട്ടുകളെടുക്കുക എന്നിവയും സ്പൈ ഡീലറിന് സാധിക്കും.
അതേസമയം എവിടെ നിന്നാണ് സ്പൈഡീലര്‍ ആന്‍ഡ്രോയിഡ് ഡിവൈസുകളിലേക്കെത്തിയതെന്നത് വ്യക്തമല്ല. നിലവില്‍ ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി സ്പൈഡീലര്‍ പ്രചരിക്കുന്നില്ല എന്നാണ് പാലോ ആള്‍ട്ടോ നല്കുന്ന വിവരം. വൈഫൈ നെറ്റ് വര്ക്കുകളിലൂടെയാവാം എന്നൊരു സാധ്യതയും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
എന്തായാലും ഇങ്ങനെ ഒരു വൈറസ് ഭീഷണി പാലോ ആള്‍ട്ടോ ഗൂഗിളിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ മുന്‍കരുതലുകളെടുക്കുന്നുണ്ടെന്നും പാലോ ആള്‍ട്ടോ പറയുന്നു.
Post Your Comments