
ജർമനി : ഇന്ത്യയിൽ നിന്നും വായ്പയെടുത്തു മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കൈമാറണമെന്നു ബ്രിട്ടനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോടാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ജി20 രാജ്യങ്ങളുടെ സമ്മേളനത്തിലാണു മോദി ഈ ആവശ്യം ഉന്നിയിച്ചത്. മല്യയ്ക്കു പുറമെ ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയ കുറ്റവാളികളെ തിരിച്ചയക്കാനും ബ്രിട്ടിഷ് സഹായം മോദി അഭ്യർത്ഥിച്ചു.
വിജയ് മല്യ 9000 കോടി രൂപയാണ് ഇന്ത്യയിൽ തിരിച്ചടയ്ക്കാനുള്ളത്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പാണ് മല്യ വാങ്ങിയത്. ഇതും പലിശയും അടക്കമാണ് 9000 കോടി രൂപ തിരിച്ചടയ്ക്കാനുള്ളത്. ഫെബ്രുവരി എട്ടിന് ഇന്ത്യ മല്യയെ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം മല്യയെ ഇന്ത്യയിലേക്കു തിരികെ അയയ്ക്കണമെന്ന് ഇന്ത്യ കത്തിൽ ആവശ്യപ്പെട്ടത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, കാനഡ, ഓസ്ട്രേലിയ, അർജന്റീന, ഇറ്റലി, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവയാണ് അംഗങ്ങൾ.
Post Your Comments