മുംബൈ: ബിരുദം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയില്‍. വൈഭവ് പാട്ടീല്‍ എന്ന യുവാവാണ് വളരെ വിചിത്രമായ ഒരാവശ്യവുമായി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. മുംബൈ സര്‍വകലാശാലയില്‍നിന്ന് 2012-ല്‍ ഐ.ടി.യില്‍ നേടിയ എന്‍ജിനീയറിങ് ബിരുദം വ്യാജമാണെന്നും അത് റദ്ദാക്കണമെന്നും ആയിരുന്നു യുവാവിന്റെ ആവശ്യം. എന്നാല്‍, ഏതുവിധേന നേടിയ ബിരുദവും തിരിച്ചെടുക്കാനുള്ള അധികാരം കോടതിക്കില്ലെന്നുപറഞ്ഞ് വൈഭവിന്റെ അപേക്ഷ തള്ളി.
മാത്രമല്ല എസ്.എം. ഖേംകര്‍, എം.എസ്. കാര്‍ണിക് എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് ഇരുപത്താറുകാരനായ വൈഭവിന് ഉപദേശവും നല്‍കി. പഴയതൊക്കെ മറന്ന് ഒരു പുതിയ ജീവിതം നയിക്കാക്കാണ് അവർ നിർദേശിച്ചത്. ജല്‍ഗാവ് സ്വദേശിയായ വൈഭവ് എന്‍ജിനീയറിങ്ങിന്റെ ആദ്യ വര്‍ഷം കണക്കിന് തോറ്റു. സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ഒരു ഏജന്റിന് 20,000 രൂപ നല്‍കി മാര്‍ക്ക് തിരുത്തി. ബിരുദം നേടി പുറത്തിറങ്ങിയ 2012-ല്‍ തന്നെ ബിരുദം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വൈഭവ് സര്‍വകലാശാലയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി.
ഇയാൾ വ്യാജമായി മാര്‍ക്കുസമ്പാദിച്ചതിന്റെ കുറ്റബോധത്തില്‍ ജോലി നേടാനും ശ്രമിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച വൈഭവിന്റെ ഹര്‍ജി 2016-ല്‍ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, ഇയാള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു.
Post Your Comments