KeralaLatest NewsNews

ഡെങ്കി പനി മരണം; കണക്ക് കുറച്ചു കാണിക്കാൻ ശ്രമം

തിരുവനന്തപുരം: കേരളത്തിൽ ഡെങ്കി പനി ബാധിതരുടെ എണ്ണം കൂടി വന്നിട്ടും സംസ്ഥാനത്തു പ്രതിരോധ നടപടികൾ ഊർജിതമായിട്ടില്ല. ഡെങ്കി പനി മൂലം നിരവധി പേരാണ് മരിച്ചത്. എന്നാൽ മരണസംഖ്യ കുറച്ച് കാണിക്കാൻ ശ്രമം നടക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ആരോപണം. ഡെങ്കി മൂലം മരിച്ചാൽ വെറും പനി വന്നു മരിച്ചതായി മാത്രമേ സർട്ടിഫിക്കറ്റ് നൽകുന്നുള്ളൂ.

ജൂണിൽ 452 പേരാണ് കാസർകോട് ജില്ലയിൽ ഡെങ്കി ലക്ഷണങ്ങളുമായി ചികിൽസ തേടിയത്. ഇവരിൽ 103 പേർക്കു രോഗം സ്ഥിരീകരിച്ചു. എന്നാൽ ജില്ലയിൽ ആരും ഡെങ്കിമൂലം മരിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.

കോഴിക്കോട് ജില്ലയിൽ ഇന്നലെ വരെ 1,43,889 പേർ പനി ബാധിച്ച് ആശുപത്രികളിൽ അഭയം തേടി. ഇതിൽ 460 പേർക്കു ഡെങ്കി സ്ഥിരീകരിച്ചു. ജൂൺ 30 വരെ ഡെങ്കി സ്ഥിരീകരിച്ച നാലു മരണങ്ങളും ഡെങ്കിയെന്നു സംശയിക്കുന്ന ഏഴു മരണങ്ങളും ഉണ്ടായി. അതുപോലെ മലപ്പുറം ജില്ലയിൽ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 23 ആയി. മറ്റു പകർച്ചവ്യാധികൾകൂടി കൂട്ടിയാൽ മരണസംഖ്യ 47 ആണ്. ഡെങ്കിപ്പനി ഉറപ്പായ ശേഷം മരിച്ച സംഭവങ്ങളിലേ അങ്ങനെ സർട്ടിഫിക്കറ്റ് നൽകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പാലക്കാട് ജില്ലയിൽ 480 പേർക്കു ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കി ലക്ഷണങ്ങളോടെ 18 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ ഒരു മരണം മാത്രമാണ് ഡെങ്കി മൂലമെന്നു സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ 508 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് മരണവും സ്ഥിരീകരിച്ചു.

എറണാകുളത്ത് സർക്കാർ കണക്കുപ്രകാരം ഈ വർഷം 250 പേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, യഥാർഥ എണ്ണം ഇതിന്റെ മൂന്നിരട്ടി വരുമെന്നാണു സൂചന. ഇടുക്കി ജില്ലയിൽ ഈ വർഷം ഇതുവരെ ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രണ്ടു പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ 564 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എന്നാൽ, രണ്ടുപേർ മാത്രമാണു മരിച്ചതെന്നാണു റിപ്പോർട്ട്.
ആലപ്പുഴ ജില്ലയിൽ ഇതുവരെ ഡെങ്കി ബാധിച്ച് എട്ടു പേർ മരിച്ചതായി സംശയിക്കുമ്പോഴും ആരോഗ്യ വകുപ്പിന്റെ കണക്കിൽ മൂന്നു പേർ മാത്രമേയുള്ളു.

shortlink

Related Articles

Post Your Comments


Back to top button