ലക്‌നൗ: ചികിത്സക്കിടെ അശ്രദ്ധ കാണിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫിറോസാബാദിൽ ഡെങ്കിപ്പനി ബാധിച്ച് രോഗികൾ മരിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. ഫിറോസാബാദിലെ സർക്കാർ മെഡിക്കൽ കോളജിൽ 105 പേരാണ് വൈറൽപനിയും ഡെങ്കിപ്പനിയും ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 51 രോഗികളും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ഫിറോസാബാദിലെ ആരോഗ്യ, നഗര-വികസന വകുപ്പിലെ പല ഉദ്യോഗസ്ഥരും കടമകൾ നിർവഹിക്കുന്നതിൽ അശ്രദ്ധ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി തെറ്റുചെയ്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പാരാമെഡിക്കൽ സ്റ്റാഫുകൾ, പരിശോധനാ ഉപകരണങ്ങൾ, മരുന്നുകൾ, അധിക ബെഡ്ഡുകൾ എന്നിവ രോഗികൾ കൂടുതലുള്ള ആശുപത്രിയിൽ വിന്യസിച്ചു.
രോഗികളുടെ കുടുംബാംഗങ്ങളിൽ നിന്ന് ചികിത്സ സംബന്ധിച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളും മുഖ്യമന്ത്രി അന്വേഷിച്ചു. സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, രാം മനോഹർ ലോഹ്യ ആശുപത്രി, ലക്‌നൗവിലെ കിങ് ജോർജ് ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിലെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തുകയും വിദഗ്ധ സംഘത്തെ ഫിറോസാബാദ്, ആഗ്ര, മഥുര എന്നിവിടങ്ങളിലേക്ക് അയക്കുകയും ചെയ്തു. രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് മാർഗ നിർദേശങ്ങൾ നൽകുന്നതിനായി സംഘത്തെ ചുമതലപ്പെടുത്തി.
Post Your Comments