ന്യൂഡല്‍ഹി : ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ അമൃത്സറില്‍ ആരംഭിച്ച ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും. അഫ്ഗാനിസ്ഥാനില്‍ സമാധാനം സംജാതമാക്കേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ കടമായാണെന്ന് ഓര്‍മിപ്പിച്ച മോദി, ഈ പിന്തുണ വാക്കുകളിലൊതുക്കാതെ ഭീകരവാത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. അതേസമയം, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെ തുറന്നുകാട്ടുന്ന പ്രസംഗമായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടേത്.
ഭീകരര്‍ക്കെതിരെ മാത്രമല്ല, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അഭയകേന്ദ്രമൊരുക്കിയും സാമ്പത്തിക സഹായം നല്‍കിയും പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ കൂടിയേ തീരൂവെന്ന് മോദി അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ ഭൂപ്രകൃതിയേയും അവിടുത്തെ ജനങ്ങളെയും ഭീകരവാദത്തിന്റെ ഭീഷണികളില്‍നിന്ന് സംരക്ഷിക്കുന്നതിനാകണം നാം മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം ലോകരാജ്യങ്ങളെ ഓര്‍മിപ്പിച്ചു. അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയില്‍ താല്‍പര്യമുള്ള ആര്‍ക്കൊപ്പവും തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും മോദി പ്രഖ്യാപിച്ചു.
ചോരപ്പുഴയൊഴുക്കുകയും സമൂഹത്തെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന ഭീകരവാദത്തെ നേരിടുന്നതില്‍ എല്ലാവരും കൈകോര്‍ക്കേണ്ട സമയമാണിത്. അഫ്ഗാനിസ്ഥാനില്‍ ഭീഷണി സൃഷ്ടിക്കുന്ന ഭീകരവാദികള്‍ക്കെതിരെ നിശബ്ദത പുലര്‍ത്തുകയും അവര്‍ക്കെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്യുന്നത് ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും കൂടുതല്‍ ശക്തിപ്പെടുത്താനേ ഉപകരിക്കൂ എന്നും മോദി മുന്നറിയിപ്പ് നല്‍കി. അഫ്ഗാനിസ്ഥാനില്‍ സമാധാനവും രാഷ്ട്രീയ സ്ഥിരതയും ഉറപ്പുവരുത്താനുള്ള രാജ്യാന്തര സമൂഹത്തിന്റെ പ്രതിബദ്ധതയ്ക്കു തെളിവാണ് ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ സമ്മേളനമെന്നും മോദി അഭിപ്രായപ്പെട്ടു.
അതേസമയം, അഫ്ഗാനിസ്ഥാനിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതായിരുന്നു അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വാക്കുകള്‍. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി നല്‍കാമെന്ന് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന 500 മില്യന്‍ യുഎസ് ഡോളര്‍, ഭീകരവാദത്തിന്റെ വേരറുക്കാന്‍ ഉപയോഗിക്കുന്നതാണ് യുക്തമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന പാക് പ്രതിനിധിയും പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവുമായ സര്‍താജ് അസീസിന്റെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഗനിയുടെ വാക്കുകള്‍.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം വലിയൊരു ഭീഷണിയാണെന്നും അതിനെതിരെ നാം ഒന്നിച്ചു പൊരുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഭീകരവാദം നിമിത്തം ഏറ്റവും ദുരിതമനുഭവിച്ച രാജ്യം അഫ്ഗാനിസ്ഥാനാണ്. ഇത് പ്രോത്സാഹനീയമായ കാര്യമല്ല. ചില രാജ്യങ്ങള്‍ ഇപ്പോഴും ഭീകരവാദികളുടെ സ്വര്‍ഗമാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പാക്കിസ്ഥാന്‍ അഭയം തന്നിരുന്നില്ലെങ്കില്‍ തങ്ങള്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ ഒടുങ്ങിപ്പോയേനെയെന്ന് പ്രമുഖനായ ഒരു താലിബാന്‍ നേതാവ് പറഞ്ഞ കാര്യവും ഗനി അനുസ്മരിച്ചു
Post Your Comments