
തിരുവനന്തപുരം: കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലിംഗനീതി കേരളത്തില്‍ നടപ്പാക്കും. അത് നടപ്പാക്കുന്നതിലുള്ള പോരായ്മകള്‍ പരിഹരിക്കും. എവിടെയും ഏതുനേരത്തും സ്ത്രീകള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള സാഹചര്യം ഗവര്‍മെണ്ട് ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ വനിതാസംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ തുടര്‍ച്ചയായാണ് വനിതാനേതാക്കളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.
പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറി ഇല്ലാത്ത പ്രശ്‌നം പരിഹരിക്കും. ഇതിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ച് ശുചിമുറി സൗകര്യം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില കമ്പനികള്‍ അതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരമുള്ള കോടതികളില്‍ പ്രൊസിക്യൂട്ടര്‍മാരായി കഴിയുന്നത്ര സ്ത്രീകളെ നിയമിക്കാന്‍ ശ്രമിക്കും.
സ്ത്രീകള്‍ക്ക് സംരംക്ഷണം നല്‍കുന്ന നിര്‍ഭയ സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കൂടുതല്‍ സെന്ററുകള്‍ ആരംഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളില്‍ ശക്തമായ നടപടിയെടുക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും. സൈബര്‍ ചതിക്കുഴികളില്‍ കുട്ടികള്‍ പെട്ടുപോകാതിരിക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ തനിച്ച് മുറിയില്‍ അടച്ചിരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments