കൊച്ചി: സംസ്ഥാനത്തും സിനിമാ മേഖലലയിലും ഏറെ കോളിളക്കം സൃഷ്ടിച്ച യുവനടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലെത്തി. ഒന്നാംപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ഫോണ്‍വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍കൂടി കിട്ടിയതോടെ നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സിലേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആലുവയിലെ പോലീസ് ക്ലബ്ബില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം. അഞ്ചുപേരുടെകൂടി അറസ്റ്റിന് പോലീസ് മേധാവി അനുമതി നല്‍കിയതായി സൂചനകളുണ്ട്. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘം അറസ്റ്റ് വൈകിപ്പിക്കുന്നത്.
കാക്കനാട് ജയിലിലെ തറയില്‍ക്കിടന്ന് സുനി ഫോണ്‍ചെയ്യുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധരാണ് ചൊവ്വാഴ്ച കാക്കനാട് ജില്ലാജയിലിലെത്തി പരിശോധന നടത്തിയത്. രണ്ടുമാസം മുമ്പ് പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ജിന്‍സനാണ് ജയിലിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയത്.
ഗൂഢാലോചന തെളിയിക്കുന്നതില്‍ ജയിലിലെ ഫോണ്‍വിളി നിര്‍ണായകമാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സംവിധായകന്‍ നാദിര്‍ഷയെയും ജയിലില്‍നിന്ന് സുനി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി.
പുറത്തുനിന്ന് ജയിലില്‍ ഫോണ്‍ എത്തിച്ചത് സംബന്ധിച്ച് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഐ. പി.കെ. രാധാമണിയുടെ നേതൃത്വത്തിലും സമാന്തര അന്വേഷണം പുരോഗമിക്കുകയാണ്. മാലമോഷണക്കേസിലെ പ്രതിയും സുനിയുടെ സഹതടവുകാരനുമായിരുന്ന ഇടപ്പള്ളി സ്വദേശി വിഷ്ണു ജയില്‍മോചിതനായശേഷമാണ് ഫോണ്‍ ജയിലില്‍ എത്തിയതെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്. ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ സന്ദര്‍ശിക്കാനെത്തിയ സമയത്താണ് വിഷ്ണു ഫോണ്‍ ഒളിപ്പിച്ച് കടത്തിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ഇതിനെല്ലാമുള്ള വ്യക്തമായ ഉത്തരങ്ങള്‍ കിട്ടിയെന്നാണ് സൂചനകള്‍.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാധ്യതയുണ്ട്. മൊഴിയിലെ വൈരുധ്യങ്ങളെക്കുറിച്ചുള്ള സംശയം നീക്കുന്നതിനാണിത്.
Post Your Comments