ഇനി ജിഎസ്‌ടിയുടെ നാളുകൾ. രാജ്യം മുഴുവൻ ഒരു നികുതി എന്ന വിപ്ലവം നടപ്പിലാവാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം; രാജ്യത്തെ ഏകോപിപ്പിക്കുന്ന അല്ലെങ്കിൽ കരുത്തുറ്റതാക്കുന്ന ഒരു നിയമനിർമ്മാണം. ഇന്ത്യ ആ മഹാസംഭവത്തിന് ഒരുങ്ങിക്കഴിഞ്ഞു. എത്രയോ കാലമായി നാമൊക്കെ കാത്തിരുന്ന ഒരു ചരിത്ര മുഹൂർത്തത്തിനാണ് ഒരുങ്ങുന്നത്. ഇന്ത്യൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും ഇന്നുരാത്രി നടക്കുന്നുണ്ട്. നരേന്ദ്ര മോഡി സർക്കാരിന്റെ വലിയ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ് ഈ നിയമനിർമ്മാണം എന്നതിൽ സംശയമില്ല. അത് ഇന്നാട്ടിലെ ജനങ്ങൾ അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ വ്യാപാരികളും വ്യവസായികളും മുതൽ നമ്മുടെ ഗ്രാമങ്ങളിലെ സാധാരണക്കാർ വരെ ഇതിനായി കാതോർത്തിരിക്കുന്നത്. പക്ഷെ, അതിലും വിലകുറഞ്ഞ രാഷ്ട്രീയം ചെലുത്താനാണ് , ദൗർഭാഗ്യവശാൽ, ചില പ്രതിപക്ഷ കക്ഷികളുടെ നീക്കം. അവർ ഇന്നത്തെ ചരിത്ര പ്രസിദ്ധമാവാൻ പോകുന്ന പാർലമെന്റ് സമ്മേളനം ബഹിഷ്‌ക്കരിക്കുന്നു. അതുകൊണ്ട് ജിഎസ്‌ടി നടപ്പാക്കുന്നതിൽ ജനങ്ങൾ എതിരാവും എണ്ണവും ഇക്കൂട്ടർ ചിന്തിക്കുന്നത്. വിലകുറഞ്ഞ പ്രതിഷേധമാണ് ഇതെന്നതിൽ അത് സംഘടിപ്പിക്കുന്നവർക്കുപോലും രണ്ടഭിപ്രായമുണ്ടാവാൻ ഇടയില്ല.
ഇന്ത്യയിലൊട്ടാകെ ഒരേ ഒരു നികുതി എന്നതാണ് ജിഎസ്‌റ്റിയിലൂടെ നാം നേടിയെടുക്കുന്നത്. ഇന്നിപ്പോൾ നിലവിലുള്ള അനവധി നികുതികൾ ഇല്ലാതാവുകയും പകരും ഒരെഒരെണ്ണത്തിൽ അത് അവസാനിപ്പിക്കുകയും ചെയ്യും. പല സാമഗ്രികളുടെയും നികുതി കുറയുമെന്ന് തീർച്ചയാണ്. ഏത് സാധനത്തിന് എന്താണ് നികുതി എന്നത് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ജിഎസ്‌ടി കൗൺസിൽ എത്രയോ തവണ, എത്രയോ ദിവസങ്ങളിൽ, യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. എല്ലാ സംസ്ഥാനങ്ങളും ആ തീരുമാനത്തിൽ പങ്കാളിയായി എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതൊക്കെയാണെന്നിരിക്കെയാണ് നമ്മുടെ പ്രതിപക്ഷ കക്ഷികൾ ഇന്നിപ്പോൾ ഇതിന്റെ പേരിൽ കേന്ദ്രത്തിനെതിരെ രംഗത്തുവരുന്നത് . പ്രത്യേക പാർലമെന്റ് സമ്മേളനം ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ തയ്യാറായിരിക്കുന്നതിനെ ജനമധ്യത്തിൽ നിന്നുള്ള ഒളിച്ചോടൽ എന്നല്ലാതെ എന്താണ് വിളിക്കാനാവുക എന്നതറിയില്ല.
തിരക്കുപിടിച്ച് ജിഎസ്‌ടി നടപ്പിലാക്കുന്നതിലാണ് കോൺഗ്രസിന് വിഷമം. കഴിഞ്ഞ ഏപ്രിൽ ഒന്നിന് അത് നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാരും ജിഎസ്‌ടി കൗൺസിലും തീരുമാനിച്ചിരുന്നത്. എന്നാൽ അന്നത്തേക്ക് തങ്ങളുടെ മുന്നിലുള്ള കാര്യങ്ങളിൽ ധാരണയിലെത്താൻ ജിഎസ്‌ടി കൗൺസിലിനായില്ല. അതുകൊണ്ടാണ് ജൂലൈ ഒന്ന് എന്ന തീരുമാനമുണ്ടായത്. ആ തീരുമാനമെടുത്തിട്ടുതന്നെ മാസങ്ങളായി. അതുമാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുടെയും ധനമന്ത്രിമാർ ഉൾപ്പെട്ട ജിഎസ്‌ടി കൗൺസിലാണ് ആ തീരുമാനമെടുത്തത് അല്ലെങ്കിൽ അവരും അതിൽ പങ്കാളിയായിരുന്നു. അക്കൂട്ടത്തിൽ സിപിഎമ്മും കോൺഗ്രസുമൊക്കെയുണ്ട്. പക്ഷെ ഇന്നിപ്പോൾ അവസാന നിമിഷത്തിൽ അവർക്കൊക്കെ അങ്കലാപ്പ്. എത്ര ആലോചിച്ചിട്ടും പ്രവർത്തിച്ചിട്ടും നടപ്പിലാക്കാനാവാതെ വന്ന ഈ പുതിയ ഏകീകൃത നിയമനിർമ്മാണം നരേന്ദ്ര മോഡി സർക്കാർ നടപ്പിലാക്കി എന്നതാണ് അവരെ വിഷമിപ്പിക്കുന്നത് എന്നത് വ്യക്തമാണ്. രാഷ്ട്രീയകക്ഷികളും സംസ്ഥാന സർക്കാരുകൾക്കിടയിലും അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതിനാലാണ് തങ്ങൾ നടപ്പിലാക്കാതിരുന്നത് എന്നതാണ് കോൺഗ്രസ് അതിനുപറയുന്ന ന്യായം. യഥാർഥത്തിൽ മോഡി സർക്കാർ അതിനായി ഇറങ്ങിപ്പുറപ്പെടുമ്പോഴും ആ ഭിന്നത ഉണ്ടായിരുന്നു. എന്നാൽ ബിജെപി സർക്കാർ എല്ലാവരുമായും ചർച്ച നടത്തി, ഭിന്നതകൾ പരിഹരിക്കാൻ തീവ്രമായ ശ്രമം നടത്തി. അതിനുള്ള വ്യക്തമായ, ആത്മാർഥമായ, ശ്രമം യുപിഎ സർക്കാരിന്റെ കാലത്ത് നടന്നിരുന്നുവോ?. കോൺഗ്രസ് ചിന്തിക്കേണ്ടുന്ന കാര്യമാണ്. എന്നിട്ടിപ്പോൾ മോഡി സർക്കാർ ജിഎസ്‌ടി നടപ്പിലാക്കുമ്പോൾ കൊഞ്ഞനം കാണിക്കുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ ലജ്ജാകരം തന്നെ. കോൺഗ്രസിന്റെ സംസ്കാരമാവാം അത്.
ജിഎസ്‌ടി യുടെ കാര്യത്തിൽ ശക്തമായ എതിർപ്പാണ് ആദ്യകാലത്ത് സിപിഎം പുലർത്തിയിരുന്നത്. പാർലമെന്റിലും മറ്റും കോൺഗ്രസ് എന്ത് പറയുന്നുവോ അതിനൊപ്പം എൻഎന്തായിരുന്നുവല്ലോ സീതാറാം യെച്ചൂരിയും മറ്റും കൈക്കൊണ്ട സമീപനം. എന്നാൽ കേരളത്തിൽ പിണറായി വിജയൻ സർക്കാർ നിലവിൽ വന്നപ്പോഴാണ് കാര്യങ്ങൾ മാറിയത്. ഞാൻ ഓർക്കുന്നു, മുഖ്യമന്ത്രി എന്ന നിലക്ക് പിണറായി ആദ്യമായി പ്രധാനമന്ത്രി മോദിയെ കാണാൻ ചെന്നപ്പോൾ ഇക്കാര്യം ചർച്ചാവിഷയമായി. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമായ നിയമനിർമ്മാണത്തെ എന്താണ് സിപിഎം എതിർക്കുന്നത് എന്നതായിരുന്നു മോദിയുടെ ചോദ്യം. അതോടെയാണ് സിപിഎം മാറിച്ചിന്തിക്കാൻ തുടങ്ങിയത്. പിണറായിയുടെ നിലപാട് സിപിഎം കേന്ദ്ര നേതൃത്വം അംഗീകരിക്കുകയായിരുന്നു എന്നർത്ഥം. പിന്നീട് പുതിയ നിയമ നിർമ്മാണത്തിൽ സിപിഎം വലിയ പങ്കാളിത്തം വഹിച്ചിരുന്നു. കേരളത്തിലെ ധനമന്ത്രി തോമസ് ഐസക് ജിഎസ്‌ടി കൗൺസിലിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് പ്രധാനമന്ത്രി തന്നെ സൂചിപ്പിച്ചതും ഓർമ്മിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഇതുമായി പോസിറ്റീവ് ആയാണ് പ്രതികരിച്ചത് എന്നതും മറന്നുകൂടാ. പക്ഷെ, അവരുമിപ്പോൾ അതിന്റെ ‘സംഘാടകൻ’ ബിജെപി സർക്കാരാണ് എന്നത് അംഗീകരിക്കാതിരിക്കാൻ ശ്രമിക്കുന്നു. പാർലമെന്റിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ സംബന്ധിച്ചാൽ ആകെ കുഴപ്പമാവുമെന്ന് അവരിപ്പോൾ പറയുന്നു. എനിക്ക് അതിലേറെ രസകരമായി തോന്നിയത് ഇന്നിപ്പോൾ കേരളത്തിന്റ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞതാണ്……’ ജിഎസ്‌ടി ഉണ്ടാവുന്നത് ആഘോഷിക്കേണ്ടതൊന്നുമില്ല. ഞാൻ അങ്ങിനെ അത്ര പ്രധാനമായി അതിനെ കാണുന്നില്ല. വാറ്റിന്റെ ഒരു തുടർച്ചമാത്രമാണിത്………… .”. ഡോ. ഐസക്കിനെപ്പോലുള്ള ഒരാളിൽ നിന്ന്ഈ നിയലവാരത്തിലുളള ഒരു പ്രസ്താവന പ്രതീക്ഷിച്ചില്ല. ഒരു പക്ഷെ ഇതിലൂടെ രാജ്യത്ത് ഏറ്റവുമധികം പ്രയോജനമുണ്ടാക്കുന്നത് കേരളമാണ് എന്നതും ഈ വേളയിൽ ഓർമ്മിക്കേണ്ടതുണ്ടല്ലോ. രാഷ്ട്രീയം എങ്ങിനെ ദേശീയ ചിന്തകളെ തളർത്തുന്നു എന്നതിന് വേറെന്ത് സാക്ഷ്യപത്രം വേണം?.
ജിഎസ്‌ടി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്നിപ്പോഴും ചില ആശയക്കുഴപ്പങ്ങളുണ്ട് എന്നത് ശരിയാണ്. പുതിയ ഒരു നിയമ സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങൾ സ്വാഭാവികമാണ്. അത് പതുക്കെ പതുക്കെയേ പരിഹരിക്കാൻ കഴിയൂ. അക്കാര്യം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്‌ടി കൗൺസിലിൽ അതുസംബന്ധിച്ച് ധാരണകൾ ഉണ്ടായിട്ടുമുണ്ട്. റിട്ടേൺ ഫയൽ ചെയ്യൽ രണ്ടുമാസം കഴിഞ്ഞുമതി എന്ന് തീരുമാനിച്ചതുതന്നെ അതുകൊണ്ടാണല്ലോ. പിന്നെ തല്ക്കാലം ഉണ്ടാകാവുന്ന വിഷമതകൾ കണക്കിലെടുത്തുതന്നെവേണം ഇതിനെ ജനങ്ങൾ കാണാൻ എന്നതാണ് പ്രധാനം. പിന്നെ ഇന്ത്യ ഒട്ടാകെ ഒരേവിധത്തിൽ ചിന്തിക്കുന്ന ഒരേ നികുതി നൽകുന്ന സംവിധാനമാണ് ഉണ്ടാവുന്നത്. അത് ഗുണകരമാവും എന്നതിൽ സംശയമി ആർക്കും ഉണ്ടാവേണ്ടതില്ല. അനവധി നികുതികൾ, അനവധി സ്റ്റേറ്റ്മെന്റുകൾ, റിട്ടേണുകൾ ……… അങ്ങിനെയൊക്കെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി കഷ്ടപ്പെട്ടിരുന്നവർക്ക് ഇത് നൽകുന്ന ആശ്വാസം ചില്ലറയല്ലല്ലോ. വാണിജ്യ -വ്യാപാര സമൂഹം ഇതുകൊണ്ട് അനുഭവിക്കുന്ന നേട്ടങ്ങളും ചെറുതല്ല. അതുകൊണ്ടൊക്കെ, സംശയിക്കണ്ട, പുതിയ നികുതിയുഗത്തിന് സ്വാഗതമോതാൻ ആരും മടിക്കേണ്ടതില്ല.
പിന്നെ ആരെന്തൊക്കെ പറഞ്ഞാലും ആക്ഷേപിച്ചാലും ബഹിഷ്കരിച്ചാലും ഈ പുതിയ നികുതി യുഗത്തിന്റെ സൃഷ്ടാവ് നരേന്ദ്ര മോഡി തന്നെയാണ്, മോഡി സർക്കാർ തന്നെയാണ്. ഇതിനെതിരെ പുറം തിരിഞ്ഞുനിൽക്കാനേ പ്രതിപക്ഷത്തിനാവൂ. ജനങ്ങൾ എന്നാൽ മോദിക്കൊപ്പമാണ്, രാജ്യത്തിനൊപ്പമാണ്. യാഥാർഥ്യം തിരിച്ചറിയാൻ കഴിയാത്ത രാഷ്ട്രീയകക്ഷികൾക്ക് തുടർച്ചയായി തിരിച്ചടികൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതാണിന്ന് ഇന്ത്യയിൽ ദൃശ്യമാവുന്നത്, പ്രതിപക്ഷം അവരുടെ നടപടികളിലൂടെ കാണിച്ചുതരുന്നതും അതുതന്നെയാണ്.
Post Your Comments