തിരുവനന്തപുരം: ഓടാന്‍ ഷൂ ഇല്ലാത്തതിെന്റ പേരില്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യൻ ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ട് യുവതാരം.മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ അധികൃതരുടെ ശാഠ്യത്തിന് മുന്നില്‍ കണ്ണീരോടെ പിൻവാങ്ങേണ്ടി വന്നത് തിരുവനന്തപുരം സ്വദേശി സജീവിനാണ്. വെഞ്ഞാറമൂട് സ്വദേശിയായ സജീവ് കൂലിപ്പണിക്കാരനാണ്. സജീവിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
സ്പൈക്കൊക്കെ സ്വപ്നം കാണാൻ മാത്രമേ പറ്റൂ എന്ന് സജീവ് നൊമ്പരത്തോടെ പറയുന്നു.ചൊവ്വാഴ്ച നടന്ന 1000 മീറ്ററില്‍ ഒരു സുഹൃത്തില്‍നിന്ന് കടംവാങ്ങിയ സ്പൈക്കുമായി ഓടിയെങ്കിലും മഴയിൽ പാകമാകാത്ത ഷൂ ഇട്ടു ഓടിയത് കൊണ്ട് ഏഴാം സ്ഥാനമായിരുന്നു.മഴയില്‍ ഷൂ നനഞ്ഞതിനാല്‍ ബുധനാഴ്ച നടന്ന 5000 മീറ്ററില്‍ വെറും കാലുമായാണ് സജീവ് ട്രാക്കിലിറങ്ങിയത്. എന്നാൽ സിന്തറ്റിക് ട്രാക്കില്‍ സ്പൈക്ക് ഇല്ലാതെ ഓടാന്‍ സംഘാടകർ സമ്മതിച്ചില്ല.
തന്റെ കഷ്ടപ്പാട് അവരോടു തുറന്നു പറഞ്ഞെങ്കിലും സജീവന് അവസരം നിഷേധിക്കുകയായിരുന്നു.ഇതോടെ 5000 മീറ്ററില്‍ മത്സരം ട്രാക്കിന് പുറത്തിരുന്ന് കണ്ണിരോടെ കണ്ടാണ് സജീവ് വീട്ടിലേക്ക് മടങ്ങിയത്. രണ്ടു ദിവസത്തെ പണി ഉപേക്ഷിച്ചാണ് താരം മേളക്കെത്തിയത്. സജീവിനെ പരിശീലിപ്പിക്കുന്നത് കുടവൂര്‍ എ.കെ.എം.എച്ച്.എസിലെ കായികാധ്യാപകന് അന്‍സറാണ്.
Post Your Comments