കണ്ണൂര്‍: പ്രവാസികളെ നിരാശരാക്കി കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ച് പുതിയ അറിയിപ്പ് പുറത്തുവന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിമാനസര്‍വീസ് ഈ വര്‍ഷവും ഉണ്ടാവില്ല. സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം തുറക്കുമെന്ന് മുന്‍ കിയാല്‍ എം.ഡി. എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്ന് ഏവിയേഷന്‍ സെക്രട്ടറിയും പറഞ്ഞിരുന്നു. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാന്‍ ഈ വര്‍ഷം കഴിയില്ല.
മഴ, നിര്‍മാണത്തെ ബാധിച്ചിട്ടുണ്ട്. റണ്‍വേ സുരക്ഷിതമേഖലയില്‍ പണി നടത്തണമെങ്കില്‍ മഴ പൂര്‍ണമായി മാറിനില്‍ക്കണം. അതേസമയം കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തടസ്സമില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളോടെയേ ഇവിടെ പണിനടക്കൂവെന്നാണ് എന്‍ജിനീയറിങ് വിഭാഗം പറയുന്നത്. സാങ്കേതികവിഭാഗം പണി പൂര്‍ത്തിയാക്കണമെങ്കില്‍ വൈദ്യുതി കണക്ഷന്‍ കിട്ടണം. ഇതിനുള്ള അപേക്ഷ നല്‍കിയിട്ടേയുള്ളൂ.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന പൂര്‍ത്തിയാക്കി അനുമതിപത്രം ലഭിച്ചാലേ വൈദ്യുതി കണക്ഷന്‍ ലഭിക്കൂ. ഓഗസ്റ്റോടെ മാത്രമേ ഈ പരിശോധന നടക്കൂവെന്നാണ് ഇപ്പോഴത്തെ വിവരം. പണി മുഴുവന്‍ പൂര്‍ത്തിയാക്കിയാലേ എയറോഡ്രോം ലൈസന്‍സിങ് അതോറിറ്റി പരിശോധനയ്ക്കുപോലും സ്ഥലത്തെത്തുകയുള്ളൂ. ഇതിനൊപ്പം കമ്യൂണിക്കേഷന്‍, സിഗ്‌നല്‍ പരിശോധനയ്ക്കായി കാലിബറേഷന്‍ ഫ്‌ളൈറ്റ് വിമാനത്താവളത്തിലിറങ്ങണം.
എയര്‍പോര്‍ട്ട് അതോറിറ്റിയാണ് കാലിബറേഷന്‍ ഫ്‌ളൈറ്റ് എപ്പോഴിറങ്ങണമെന്നകാര്യം തീരുമാനിക്കുന്നത്. അടുത്തവര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍മാത്രമേ കാലിബറേഷന്‍ ഫ്‌ളൈറ്റ് കണ്ണൂരിലിറങ്ങാനാകൂവെന്നതാണ് അതോറിറ്റിയുടെ കണക്കുകൂട്ടല്‍. അതുകഴിഞ്ഞാല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക. അതായത് ഇപ്പോഴത്തെ നിലയില്‍ നിര്‍മാണം നടക്കുകയാണെങ്കില്‍ അടുത്തവര്‍ഷം പകുതിയോടെമാത്രമേ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കൂ. കഴിഞ്ഞദിവസം പദ്ധതി പ്രദേശം സന്ദര്‍ശിച്ച കിയാലിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ പി. ബാലകിരണ്‍ നിര്‍മാണപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു. ഈ വര്‍ഷം വിമാനാത്താവളം തുറക്കാനാകില്ലെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
കിയാല്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റും കമ്യൂണിക്കേഷന്‍ സംവിധാനവും സെപ്റ്റംബറില്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളാണ് എയര്‍പോര്‍ട്ട് അതോറിറ്റി നടത്തിയത്. ഉദ്ഘാടനം വൈകുമെന്നകാര്യം ഇതുവരെ കിയാല്‍ അതോറിറ്റിയെ അറിയിച്ചിട്ടില്ല.
Post Your Comments