പത്തനംതിട്ട: ശബരിമലയിലെ പുതിയ കൊടിമരത്തിനു കേടുപാട് വരുത്തിയതിനു പിന്നിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക നിഗമനം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഐജി മനോജ് എബ്രഹാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊടിമരത്തിൽ മെർക്കുറി ഒഴിച്ചതിന് ആന്ധ്രാ സ്വദേശികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പൊലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.
ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഫോറന്‍സിക് വിദഗ്ധരെത്തി കൊടിമരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. ആചാരത്തിന്റെ ഭാഗമായാണ് മെർക്കുറി ഒഴിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. ശബരിമല ക്ഷേത്രത്തിന് അവമതിപ്പുണ്ടാക്കിയതിനും നാശനഷ്ടം വരുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു.
അതെ സമയം ശബരിമലയിലെ അയ്യപ്പസന്നിധിയിൽ പ്രതിഷ്ഠിച്ച പുതിയ കൊടിമരം പൂർവസ്ഥിതിയിലാക്കി. ശിൽപ്പി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് കേടുപാടുകൾ തീർത്തത്. കൊടിമരത്തിൽ വീണ്ടും സ്വർണം പൂശിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മ്മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സന്ധ്യയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്.
Post Your Comments