തിരുവനന്തപുരം : ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിനും ഉപദേശകര്‍ വരുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശം കൂടി കണക്കിലെടുത്ത് മൂന്ന് ഉപദേശകരെയാണു പാർട്ടി ആസ്ഥാനത്ത് കുമ്മനം നിയോഗിച്ചത്. ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ്.കർത്താ (മാധ്യമം), ഡോ. കെ.ആർ.രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) എന്നിവരാണു അതതു മേഖലകളിലെ ഉപദേശകര്‍. ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ്.കർത്തായ്ക്കു വിപുലമായ ചുമതലയാണു കേന്ദ്രനേതൃത്വം തന്നെ കൈമാറിയിരിക്കുന്നത്.
കേരളത്തിൽ മാധ്യമങ്ങൾക്കു പൊതുവിൽ പരിവാർ പ്രസ്ഥാനങ്ങളോടുള്ള അകൽച്ച കുറയ്ക്കുക എന്നതാണു മുഖ്യദൗത്യം. ഫാക്ടിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ഗോപാലപിള്ളയെ കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കുന്നതിന് വേണ്ടിയാണ് നിയോഗിച്ചിരിക്കുന്നത്.
വിവിധ കോളജുകളിൽ ധനതത്വശാസ്ത്രം അധ്യാപകനായിരുന്ന ഡോ. രാധാകൃഷ്ണപിള്ളയ്ക്ക് ഇരുമുന്നണികളിൽ നിന്നു വ്യത്യസ്തമായ വികസന–ആസൂത്രണ സമീപനങ്ങളെക്കുറിച്ചു നേതൃത്വത്തിന് അവബോധം പകരുകയാണു ദൗത്യം. മൂന്നുപേരും പാർട്ടി ആസ്ഥാനത്തു ജോലി തുടങ്ങി. ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിൽ ‘മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള’ സൗകര്യം കൂടെയുണ്ടാകണമെന്നു നിഷ്കർഷിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രി ചെയ്തപോലെ ഉപദേശകരെയും പാർട്ടി നിയമിച്ചു തുടങ്ങിയത്.
Post Your Comments