തിരുവനന്തപുരം : ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി റവന്യൂ വകുപ്പിന്റെ സര്‍ക്കുലര്‍. ചെമ്പനോടയിലെ വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്താണ് ജോയി എന്ന കര്‍ഷകന്‍ ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ തൂങ്ങിമരിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സര്‍വെ ചെയ്തിട്ടില്ലാത്ത ഭൂമിയുടെ നികുതി താത്കാലികമായി ഈടാക്കാവുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ വില്ലേജുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഭൂമികുതി സംബന്ധിച്ചകാര്യങ്ങള്‍ വിലയിരുത്തി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഡെപ്യൂട്ടി കളക്ടര്‍മാരും ആര്‍.ഡി.ഒമാരും ബന്ധപ്പെട്ട ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
യാതൊരു കാരണവശാലും ആളുകള്‍ രണ്ടു പ്രാവശ്യത്തിലധികം വില്ലേജ് ഓഫീസില്‍ വരേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും തഹസില്‍ദാര്‍മാര്‍ക്ക് എതിരെയും കര്‍ശന നടപടിയുണ്ടായവുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂനികുതി അടച്ചുനല്‍കുന്നതില്‍ വില്ലേജ് ഓഫീസുകള്‍ കാലതാമസം വരുത്തുകയും ഇതുമൂലം ജനങ്ങള്‍ക്ക് പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍.
Post Your Comments