ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നത്. എല്ലാവരും ഒരു ശരീരമാണെന്ന ബോധം അത് സമൂഹത്തില്‍ സൃഷ്ടിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമാണ്. ഇനി ചെറിയ പെരുന്നാളില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം എന്ന്‍ നോക്കാം.
പെരുന്നാള്‍ ദിവസം തക്ബീര്‍ ധാരാളമായി ചൊല്ലുക. ഇതിന്റെ സമയപരിധി ചെറിയ പെരുന്നാള്‍ ഉറപ്പിച്ചത് മുതല്‍ ആരംഭിക്കുകയും പെരുന്നാല്‍ നമസ്‌കാരത്തോടെ അവസാനിക്കുകയും ചെയ്യുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിനായി കുളിച്ച് ശുദ്ധിയാവുക. ഏറ്റവും പുതിയ വസ്ത്രം ധരിക്കുക. സുഗന്ധം ഉപയോഗിക്കുക. ഇതെല്ലാം പ്രവാചകചര്യയില്‍ പെട്ടതാണ്. ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് പോകുന്നതിന് മുമ്പായി ലഘുഭക്ഷണം കഴിക്കുന്നത് സുന്നത്താണ്.
പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോകുമ്പോഴും അവിടെ എത്തിയാലും തക്ബീര്‍ ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടിരിക്കുക. പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും വരിക. പ്രവാചകന്‍ ഇങ്ങനെ ചെയ്തിരുന്നു. കൂടുതല്‍ പേരെ കണ്ട് പെരുന്നാള്‍ ആശംസ കൈമാറാന്‍ ഇതുവഴി ഉപകരിക്കും.ഈദുഗാഹുകളില്‍ നമസ്‌കരിക്കുക എന്നതാണ് പ്രവാചക ചര്യ. ഇനി വല്ല കാരണത്താലും പള്ളിയില്‍ വെച്ച് നമസ്‌കരിച്ചാല്‍ അത് സാധുവാകും.
സ്ത്രീകളെയും കുട്ടികളെയും ഈദ് ഗാഹുകളിലേക്ക് കൊണ്ട് പോകണം. ആര്‍ത്തവമുള്ള സ്ത്രീകള്‍ നമസ്‌കാരത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും മറ്റുകാര്യങ്ങളില്‍ പങ്കാളിയാവുകയും ചെയ്യാം. ചെറിയ പെരുന്നാള്‍ നമസ്‌കാരം രണ്ടു റക്അത്താണ്. ഫാത്വിഹ ഓതുന്നതിന് മുമ്പായി ആദ്യത്തെ റക്അത്തില്‍ ഏഴ് തക്ബീറും രണ്ടാമത്തെ റക്അത്തില്‍ അഞ്ച് തക്ബീറും ചൊല്ലണം. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഖുതബ ശ്രദ്ധിക്കല്‍. ഇനി ഒരാള്‍ ഖുതുബക്ക് സന്നിഹിതനാകാതെ എഴുന്നേറ്റ് പോകുന്നതില്‍ പ്രശ്‌നമൊന്നുമില്ല.
ഏറ്റവും ഉത്തമമായിട്ടുള്ളത് അത് കേള്‍ക്കുക എന്നതാണ്.. പരസ്പരം ആശംസ നേരല്‍. പ്രവാചകനില്‍ നിന്ന് പ്രത്യേകമായി ഒരാശംസാ വചനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്യസ്ത്രീ പൂരുഷന്‍മാര്‍ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചും ആശംസകള്‍ കൈമാറല്‍, പെരുന്നാളിന്റെ പേരില്‍ പടക്കം, ദീപാലങ്കാരം തുടങ്ങിയവയുടെ പേരില്‍ ധാരാളം പണം ധൂര്‍ത്തടിക്കല്‍, പെരുന്നാള്‍ ദിവസം പ്രത്യേകമായി ഖബറിടങ്ങള്‍ സന്ദര്‍ശിക്കല്‍, മറ്റുമത സമൂഹങ്ങളുടെ രീതികളും ആചാരങ്ങളും പിന്‍പറ്റല്‍ തുടങ്ങിയവ നിഷിദ്ധവും ബിദ്അത്തില്‍ പെട്ടതുമാണ്.
Post Your Comments