ന്യൂയോര്‍ക്ക് : ഐ.എസ് ഭീകരനെ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് കൃത്യമായി വെടിവെച്ച് കൊന്ന കനേഡിയന്‍ ഒളിപ്പോരാളിക്ക് ലോക റെക്കോര്‍ഡ്. കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്ക് ഫോഴ്സ്-2 വിലെ സൈനികനാണ് 3540 മീറ്റര്‍ അകലെ നിന്ന് കൃത്യമായി നിറയൊഴിച്ച് ലക്ഷ്യം തകര്‍ത്തത്.
കഴിഞ്ഞ മാസം ഇറാഖില്‍ വെച്ചാണ് ഐഎസ് ഭീകരനെ സൈനികന് 3540 മീറ്റര്‍ ദൂരത്ത് നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് കനേഡിയന്‍ സൈന്യം പറഞ്ഞു. സുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ സംഭവം നടന്ന സ്ഥലത്തിന്റെയോ സൈനിക ഉദ്യോഗസ്ഥന്റെ പേരോ പരസ്യപ്പെടുത്താനാകില്ലെന്ന് കനേഡിയന്‍ സൈന്യം അറിയിച്ചു.
വീഡിയോയുടേയും മറ്റു ഡാറ്റകളുടേയും സഹായത്താല്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിലാണ് വെടിവെപ്പ് സ്ഥിരീകരിച്ചതെന്നും സൈന്യം വ്യക്തമാക്കി. കനേഡിയന്‍ സൈന്യം സാധാരണ ഉപയോഗിക്കുന്ന മാക്മില്ലന്‍ ടിഎസി-50 റൈഫിള്‍ ഉപയോഗിച്ചാണ് റെക്കോര്‍ഡ് സൃഷ്ടിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് ഒളിപോരാളിയായിരുന്ന ഗ്രെയ്ഗ് ഹാരിസന്റെ പേരിലായിരുന്നു ഇതിന്റെ മുമ്പുള്ള റെക്കോര്‍ഡ്. താലിബാന് തീവ്രവാദിക്ക് നേരെ അഫ്ഘാനിസ്ഥാനില്‍ വെച്ച് 2475 മീറ്റര്‍ ദുരത്തില്‍ നിന്ന് വെടിവെച്ചാണ് ഗ്രെയ്ഗ് റെക്കോര്‍ഡ് സ്വന്തമാക്കിയരുന്നത്. 2009ല്‍ 338 പാപ്വ മാഗ്നം റൈഫിള്‍ ഉപയോഗിച്ചായിരുന്നു ഇത്.
Post Your Comments