KeralaLatest News

കൊച്ചി മെട്രോയുടെ ഉള്‍വശം ചോരുന്നെന്ന പ്രചരണങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്

കോഴിക്കോട് : കേരളത്തില്‍ പെയ്യുന്ന കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രെയിനിന്റെ ഉള്‍വശം ചോരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. കൊച്ചി മെട്രോയിലെ ചോര്‍ച്ചയെന്ന പേരില്‍ വാട്‌സാപ്പിലും യൂട്യൂബിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ട്രെയിനിനുള്ളിലെ എയര്‍ കണ്ടീഷണര്‍ ഫില്‍റ്ററിന്റെ തകരാറാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. മെട്രോ ട്രെയിന്‍ കാറുകളിലെ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വെള്ളം പുറത്തേക്ക് പോകാനുള്ള വെന്‍ഡ് ട്രെയിനിന്റെ താഴെയാണ് ഘടിപ്പിച്ചിട്ടുള്ളത്. ട്രെയിന്‍ വളവുകളില്‍ എത്തുമ്പോള്‍ തേര്‍ഡ് റെയിലില്‍ തട്ടി ഈ വെന്‍ഡ് ജാമായതിന്റെ ഭാഗമായി വെള്ളം പുറത്തേക്ക് ഒഴുകുന്നത് തടസ്സപ്പെട്ടു.

മെട്രോ ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കിയ അല്‍സ്റ്റോം കമ്പനിയാണ് ഇപ്പോള്‍ ഈ സാങ്കേതിക പ്രശ്‌നവും പരിഹരിച്ചിരിക്കുന്നത്. കൊച്ചി മെട്രോയ്ക്കു വേണ്ടി നിര്‍മിച്ചു കൊണ്ടിരിക്കുന്ന ബാക്കി ട്രെയിനുകളിലും ഈ പ്രശ്‌നം പരിഹരിച്ചേ നിര്‍മാണം പൂര്‍ത്തിയാക്കൂ എന്ന് അല്‍സ്റ്റോം അധികൃതര്‍ അറിയിച്ചതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ഈ വെള്ളം തിരികെ എയര്‍ കണ്ടീഷണറിലൂടെ പുറത്തേക്ക് ഒഴുകിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ കൊച്ചി മെട്രോയില്‍ ചോര്‍ച്ച എന്ന പേരില്‍ വാട്‌സാപ്പില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രശ്‌നം കാരണം മുട്ടം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിച്ച് ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ ട്രെയിനുകള്‍ക്കും ഈ പ്രശ്‌നം വരാനുള്ള സാധ്യത മുന്നില്‍ കണ്ട് അവ മുട്ടം യാര്‍ഡില്‍ എത്തിച്ച് പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button