രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി – എൻഡിഎ സ്ഥാനാർഥി രാമനാഥ് കോവിന്ദിന് വോട്ടുചെയ്യാൻ ജനതാദൾ -യു തീരുമാനിച്ചു. ഇന്ന് പാറ്റ്നയിൽ പാർട്ടി നേതൃ യോഗത്തിനുശേഷം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച ചില സൂചനകൾ നേരത്തെ തന്നെ നിതീഷ് സൂചിപ്പിച്ചതാണ്. ഇന്ന് യോഗം ചേർന്ന ശേഷം കാര്യങ്ങൾ വ്യക്തമാക്കാം എന്നാണ് നിതീഷ് അന്ന് വ്യക്തമാക്കിയത്. ബീഹാർ ഗവർണറായിരുന്ന കോവിന്ദും നിതീഷും തമ്മിൽ ബന്ധത്തിലായിരുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ പേര് രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് നിതീഷ് ആണ് എന്നും സൂചനകൾ ഉണ്ടായിരുന്നു. ചുരുക്കത്തിൽ പ്രതിപക്ഷ നീക്കം ദയനീയമായി പരാജയപ്പെട്ടു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ – ബിജെപി വിരുദ്ധ ഐക്യമുന്നണി ഉണ്ടാക്കാനുള്ള ശ്രമമായി ഇതിനെ കുറെയേറെ കക്ഷികൾ കണ്ടിരുന്നു. സിപിഎമ്മും കോൺഗ്രസുമൊക്കെ അങ്ങിനെ ചിന്തിച്ചു എന്ന് മാത്രമല്ല, പരസ്യമായി പറയുകയും ചെയ്തു. എൻഡിഎയിൽ ഭിന്നത ഉണ്ടാവും എന്ന് കരുതിയവരുമുണ്ട്. എന്നാൽ ആ കണക്കുകൂട്ടലുകൾ ദയനീയമായി പരാജയപ്പെട്ടു എന്ന് മാത്രമല്ല, പ്രതിപക്ഷനിര ആകെ തകർന്നടിഞ്ഞ മട്ടിലായി.
കേരളത്തിൽ നിന്ന് ജെഡി -യുവിന് ഒരു രാജ്യസഭാംഗമുണ്ട്, എംപി വീരേന്ദ്ര കുമാർ. അദ്ദേഹം ഈ വേളയിൽ എന്ത് നിലപാട് എടുക്കും എന്നത് വ്യക്തമല്ല. കോൺഗ്രസ് സഹായത്തോടെ രാജ്യസഭയിലെത്തിയ അദ്ദേഹം വോട്ടിങ്ങിൽ നിന്നും മാറിനിൽക്കും എന്ന് പറയപ്പെടുന്നു. എന്നാൽ തങ്ങളുടെ പാർട്ടി ബിജെപിക്ക് പിന്തുണ നൽകുന്നതിനെ കേരളത്തിലെ ജെഡിയു എങ്ങിനെ ന്യായീകരിക്കും എന്നത് കാണേണ്ടിയിരിക്കുന്നു.
അതെന്തായാലും, നിതീഷിന്റെ തീരുമാനത്തോടെ കോൺഗ്രസ് – സിപിഎം കൂട്ടുകെട്ട് ആകെ പരിതാപകരമായ അവസ്ഥയിലാണ്. ആരെല്ലാം അവർക്കൊപ്പമുണ്ട് എന്നത് തിരിച്ചറിയാൻ നാളെ, വ്യാഴാഴ്ച, വരെ കാത്തിരിക്കണം. നാളെയാണ് അവരുടെ യോഗം നിശ്ചയിച്ചിരിക്കുന്നത്. സിപിഎം നിർദ്ദേശിച്ച സ്ഥാനാർഥി, മഹാത്മാ ഗാന്ധിയുടെ ചെറുമകൻ, ഗോപാൽ കൃഷ്ണ ഗാന്ധി ഇന്നലെത്തന്നെ മത്സരത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. സ്വന്തം സ്ഥാനാർഥിയെ കൂടെനിർത്താൻ പോലും സീതാറാം യെച്ചൂരിക്കും കൂട്ടർക്കുമായില്ല എന്നതാണ് സത്യം. ശിവസേനയുടെ പിന്തുണ തേടാൻ പോലും ഇതിനിടയിൽ കോൺഗ്രസും സിപിഎമ്മും ശ്രമിച്ചു എന്ന് വാർത്തയുണ്ടായിരുന്നു. ഒരു പ്രസംഗത്തിനിടെ ബിജെപി വിരുദ്ധ നിലപാട് ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ എടുത്തത് കണക്കിലെടുത്താവണം ആ ശ്രമങ്ങൾ. ശിവസേന നിർദ്ദേശിച്ച ഡോ. എംഎസ് സ്വാമിനാഥനെ സ്ഥാനാർഥിയാക്കാം എന്നും അവർ വാഗ്ദാനം നല്കിയത്രെ. പക്ഷെ ശിവസേന ഇന്നലെത്തന്നെ കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ദളിത് നേതാവായ രാമനാഥ് കോവിന്ദിനെ എതിർക്കാൻ എന്താണ് മാർഗം എന്നതാണ് പ്രതിപക്ഷത്തിന്റെ മനസിലുള്ളത്.
അതിനൊക്കെ പിന്നാലെയാണ് ഇന്നലെ ലൿനൗയിൽ നടന്ന അത്താഴ വിരുന്നിൽ നരേന്ദ്ര മോദിക്കൊപ്പം ചേർന്നവരിൽ മുലായം സിങ് യാദവ്, മകനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, മായാവതി എന്നിവരെല്ലാം പങ്കെടുത്തത് . മുലായം നേരത്തെ തന്നെ എൻഡിഎക്ക് അനുകൂലമായി മനസ് തുറന്നിരുന്നു. യുപിയിൽ നിന്നുള്ളയാളാണ് ബിജെപി – എൻഡിഎ സ്ഥാനാർഥിയെങ്കിൽ പിന്തുണക്കാം എന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് ഉറപ്പു നൽകിയതായും കേട്ടിരുന്നു. അതുകൊണ്ട് മുലായം എൻഡിഎക്കൊപ്പം നിൽക്കാനാണ് സാധ്യത. മറ്റൊരു പട്ടികജാതി സ്ഥാനാർഥി ഇല്ലെങ്കിൽ ബിഎസ്‍പി കോവിന്ദിന് വോട്ട് ചെയ്യും എന്നതായിരുന്നു മായാവതിയുടെ നിലപാട്. അഖിലേഷ് കോൺഗ്രസ് അനുകൂല നിലപാട് തീരുമാനിച്ചാലും ആ പാർട്ടിയിൽ ഭിന്നത ഉണ്ടാവും.
ടിഡിപി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ശിവസേന, പിഡിപി തുടങ്ങിയവ ബിജെപിക്കൊപ്പം അണിനിരന്നു കഴിഞ്ഞു. എഐഎഡിഎംകെയിലെ രണ്ടുപക്ഷങ്ങൾ, മുഖ്യമന്ത്രിയും പനീർശെൽവവും, ബിജെപിയുടെ രാമനാഥ് കോവിന്ദിനൊപ്പമുണ്ടാവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില കക്ഷികളും പിന്തുണ നൽകിക്കഴിഞ്ഞു. ദേവഗൗഡയുടെ ജനതാദളും ഒരു പക്ഷെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടുചെയ്‌തേക്കും എന്നാണ് സൂചനകൾ. അദ്ദേഹം ഇന്നോ നാളേയോ തീരുമാനമെടുത്തേക്കും. ഇതിനകം ഏതാണ്ട് 65 -70 ശതമാനം വോട്ട് ബിജെപി സഖ്യം ഉറപ്പാക്കിക്കഴിഞ്ഞുഎന്നർത്ഥം. എന്നാലും കോൺഗ്രസും ലാലു യാദവും സിപിഎമ്മും ഒക്കെച്ചേർന്ന് ഒരു സ്ഥാനാർഥിയെ നിർത്തുമെന്ന് ഏറെക്കുറേ തീർച്ചയാണ്. അതോടെ പ്രതിപക്ഷ – ബിജെപി വിരുദ്ധ കക്ഷികൾ വ്യക്തമായും രണ്ടു തട്ടിലാവും എന്നതാണ് പ്രധാനം. ബിജെപിയെ തകർക്കാൻ ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത പദ്ധതികൾ ദയനീയമായി തകർന്നതും ഇവിടെ കാണാനാവും.
കോവിന്ദിനെ എതിർക്കുന്നവർ പട്ടികജാതിക്കാർക്ക് എതിരാണ് എന്നത് വ്യക്തമാവും എന്നതാണ് ഇതിനെക്കുറിച്ച് രാംവിലാസ് പാസ്വാൻ പറഞ്ഞത്. ആ നിലക്കുള്ള ഒരു ക്യാമ്പെയിൽ തുടങ്ങാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. പട്ടികജാതിക്കാരനായ ഒരു സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ സിപിഎം നടത്തുന്ന ശ്രമങ്ങൾ തുറന്നുകാട്ടപ്പെടും എന്നത് തീർച്ചയാണ്. മുൻപ് കെ ആർ നാരായണൻ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴും സിപിഎം എതിർക്കുകയാണ് ചെയ്തത്. മറ്റ് ഒട്ടെല്ലാ കക്ഷികളും അന്ന് കെ ആർ നാരായണനെ പിന്തുണച്ചിരുന്നു എന്നതോർക്കുക.
Post Your Comments