1917ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മലയാള വ്യാകരണ ഗ്രന്ഥമായ കേരളപാണിനീയം ഡിജിറ്റല്‍ പതിപ്പിലേക്ക് മാറുന്നു. സി.വി. രാധാകൃഷ്ണന്‍ കേരളപാണിനീയം ഡിജിറ്റല്‍ പതിപ്പിന് രൂപംനല്‍കിയത്.
ലോകോത്തര ടൈപ്പ്സൈറ്റിംഗ് പാക്കേജായ ‘ടെക്ക്’ (TeX) എന്ന സാങ്കേതികവിദ്യയെ മലയാളഭാഷയ്ക്ക് അനുസൃതമായി ഏറെ പൂർണ്ണതയോടെ വികസിപ്പിച്ചതിനുശേഷമാണ് സി.വി. രാധാകൃഷ്ണന്‍ ഇത് ചെയ്തത്. തിരുവനന്തപുരം മലയിന്‍കീഴിലെ ഫോക്കല്‍ ഇമേജ് റിവര്‍ വാലി എന്ന സ്ഥാപനത്തിന് നേതൃത്വം നല്‍കുകയാണ് സിവി രാധാകൃഷ്ണന്‍. അദ്ദേഹം രൂപം നല്‍കിയ സായാഹ്‌ന ഫൗണ്ടേഷനാണ് ഈ പതിപ്പ് തയ്യാറാക്കിയത്.
1917ല്‍ ആണ് കേരള പാണിനീയം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 1978നു ശേഷം പല പ്രസാധകരും ഈ പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും ലിപിപരിഷ്‌കരണത്തിലും മറ്റും പെട്ട് സ്വത്വം നഷ്ടപ്പെട്ട രീതിയിലാണ് വായനക്കാരില്‍ എത്തിയത്. യൂണിക്കോഡ് സമ്പ്രദായത്തിലുള്ള പഴയ മലയാള ലിപികളെ മിക്ക പ്രസാധകരും തിരസ്‌കരിച്ചതിനാല്‍, ഡിജിറ്റൈസ് ചെയ്യുവാന്‍ കഴിഞ്ഞുവെങ്കിലും, നീണ്ടകാലവിവര ശേഖരണ വ്യവസ്ഥകളനുസരിച്ച് ഈ മഹദ് ഗ്രന്ഥത്തിന് ഡിജിറ്റല്‍ സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ പരാജയമായിരുന്നു. ലോഹ അച്ചുകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പതിപ്പുകളെക്കാള്‍ നിലവാരം കുറഞ്ഞതായിരുന്നു സാങ്കേതികമികവ് അവകാശപ്പെട്ട് ഡിജിറ്റല്‍ ടൈപ്പ് സെറ്റിംഗ് ചെയ്തിറക്കിയ പതിപ്പുകളുടെ സ്ഥിതി. ഓരോ പുതിയ പതിപ്പിലും തെറ്റുകൾ കൂടുകയാണ് ചെയ്തത്. ‘ടെക്ക്’ പോലെയുള്ള മികച്ച ടൈപ്പ്സെറ്റിംഗ് സിസ്റ്റവും യഥാർത്ഥലിപിയും പ്രസാധകലോകത്തിനു് അന്യമായതായിരുന്നു ഇതിനു കാരണം.
ഈ പിഴവുകള്‍ തീര്‍ത്തുകൊണ്ടാണ് കേരളപാണിനീയത്തിന്റെ പുതിയ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങുന്നത്. മലയാളത്തിന്റെ തനതുലിപിയായ രചന ഉപയോഗിച്ചാണ് ഇത് പുറത്തിറക്കുന്നത്. വിക്കിസോഴ്‌സില്‍ ലഭ്യമായ, യൂണിക്കോഡില്‍ അധിഷ്ഠിതമായ സ്രോതസ്സ് ആധാരമാക്കിയാണ് ഈ പതിപ്പ് നിര്‍മ്മിച്ചത്.
Post Your Comments