കൊച്ചി: വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്ക്ക് വായനയുടെ പ്രധാന്യത്തെ വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് ഒരു വായനാ ദിനം കൂടി പടികടന്നെത്തി. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.
വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായായ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയില്‍ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്. വായിച്ച് വളരുക. ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. ചെറുപ്പകാലം മുതല്‍ക്ക് തന്നെ തന്റെ ജീവിതം വായനയ്ക്കായി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
1909 മാര്‍ച്ച് ഒന്നിനാണ് പി.എന്‍ പണിക്കര്‍ ജനിച്ചത്. തന്റെ പതിനേഴാം വയസില്‍ സനാതനധര്‍മ്മം എന്ന പേരില്‍ ഒരു വായനശാല സ്ഥാപിച്ച് കൊണ്ടാണ് അദ്ദേഹം ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
സാക്ഷരതയ്ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയ്ക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവില്‍ വന്നതും പിഎന്‍ പണിക്കരുടെ പ്രവര്‍ത്തന ഫലമായാണ്. മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാല സംഘത്തിന്റേയും സ്റ്റേറ്റ് റിഡേഴ്സ് സെന്ററിന്റെ ഓണറി എക്സിക്യൂട്ടൂവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നാട്ടു വെളിച്ചം, നമ്മുടെ പത്രം, കാന്‍ഫെഡ് ന്യൂസ് എന്നിങ്ങനെ നിരവധി പത്രങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടെങ്കിലും വായനാ ദിനത്തിന്റെ പ്രധാന്യം കുറയുന്നില്ല. വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം മനസിലാക്കി വായിച്ചു വളരാം എന്ന പ്രതിജ്ഞയോടെ നമുക്കോരുത്തര്‍ക്കും വായനാ ദിനം ആചരിക്കാം.
Post Your Comments