വിശാഖപട്ടണം: തെലുങ്കുദേശം പാർട്ടി എംപി ദിവാകർ റെഡ്ഡിക്ക് ഇൻഡിഗോയടക്കമുള്ള ആറു വിമാനക്കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തി. വിമാനക്കമ്പനി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത്തിന്റെ പേരിലാണ് യാത്രാവിലക്ക്. ഇൻഡിഗോയ്ക്ക് പുറമെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, ഗോഎയർ, വിസ്താര എയർലൈൻസ് എന്നീ വിമാനക്കമ്പനികളാണ് റെഡ്ഡിക്ക് വിലക്കേർപ്പെടുത്തിയത്. റെഡ്ഡി മാപ്പു പറയാതെ യാത്ര അനുവദിക്കില്ലെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്.
എം.പി വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ചാണ് വിവാദങ്ങൾ ഉണ്ടാക്കിയത്. രാവിലെ 8.10നുള്ള ഹൈദരാബാദ് വിമാനത്തിൽ പോകേണ്ട എംപി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തത് യാത്രയ്ക്ക് 28 മിനിറ്റ് മുൻപു മാത്രം. വൈകിയെത്തിയ എംപിയോട് ബോർഡിങ് പൂർത്തിയായെന്നു ജീവനക്കാരൻ അറിയിച്ചതോടെ വാക്കുതർക്കമായി.
അക്രമാസക്തനായ എംപി കൗണ്ടറിലെ പ്രിന്റർ എടുത്തു നിലത്തെറിഞ്ഞു. ജീവനക്കാരനെ പിടിച്ചു തള്ളിയെന്നും പരാതിയുണ്ട്. സംഘർഷം രൂക്ഷമായതോടെ അതേ വിമാനത്തിൽ യാത്ര ചെയ്യാൻ എംപിയെ അനുവദിച്ചെങ്കിലും, ഇനിമുതൽ തങ്ങളുടെ വിമാനങ്ങളിൽ കയറ്റില്ലെന്നാണ് ഇൻഡിഗോയുടെ നിലപാട്. ഇതോടെ, ഇൻഡിഗോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും എംപിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയും മറ്റ് അഞ്ച് വിമാനക്കമ്പനികളും രംഗത്തെത്തുകയായിരുന്നു.
Post Your Comments