Latest NewsIndiaNews

നാട്ടിലെ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും ഇനി മുതല്‍ വോട്ട് ചെയ്യാം മണ്ഡലത്തില്‍ നേരിട്ടെത്തിയും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം

ന്യൂഡല്‍ഹി : നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താം. പ്രവാസി ഇന്ത്യക്കാര്‍ക്കു വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ചു മന്ത്രിസഭ പരിഗണിക്കേണ്ട രേഖ മറ്റു മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കു വിതരണം ചെയ്തതായി കേന്ദ്ര നിയമന്ത്രാലയത്തിലെ നിയമനിര്‍മാണ വകുപ്പ് സെക്രട്ടറി ഡോ. ജി. നാരായണ രാജു പറഞ്ഞു.

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ട്, പകരക്കാരനെ ഉപയോഗിച്ചുള്ള (പ്രോക്സി) വോട്ട്, മണ്ഡലത്തില്‍ നേരിട്ടെത്തിയുള്ള വോട്ട് – ഈ മൂന്നു രീതികളും അനുവദിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ശുപാര്‍ശയെന്നു സെക്രട്ടറി വിശദീകരിച്ചു. എന്നാല്‍, ശുപാര്‍ശ ഉടനെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമോയെന്നും എപ്പോള്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നും വ്യക്തമല്ല.

പ്രവാസികള്‍ക്ക് വിദേശത്തുവച്ചുതന്നെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ദുബായ് ആരോഗ്യ മേഖലയിലെ സംരംഭകന്‍ ഡോ. വി.പി.ഷംസീറാണ് സുപ്രീം കോടതിയെ സമീപിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷന്‍ രൂപീകരിച്ച സമിതിയാണ് ഇ-തപാല്‍ വോട്ട്, പ്രോക്സി വോട്ട് എന്നിവ പരിഗണിക്കാവുന്നതാണെന്നു ശുപാര്‍ശ ചെയ്തത്.

പ്രവാസികള്‍ക്ക് സ്വന്തം മണ്ഡലത്തില്‍ നേരിട്ട് വോട്ടു ചെയ്യാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തെ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ – തപാല്‍ വോട്ട് സൗകര്യം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബര്‍ 21ന് വിജ്ഞാപനമിറക്കിയിരുന്നു.

സര്‍വീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിന് നേരത്തെതന്നെ വ്യവസ്ഥയുള്ളതിനാല്‍ പുതിയ സൗകര്യത്തിന് നിയമഭേദഗതി വേണ്ടിവന്നില്ല. എന്നാല്‍, പ്രവാസികളുടെ കാര്യത്തില്‍ നിയമഭേദഗതിതന്നെ വേണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button