ദുബായ്•ഇസ്‌ലാമിനെ അധിക്ഷേപിച്ചതിന് ഇന്ത്യക്കാരനായ ഒരു സീനിയര്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഇസ്ലാം മതവിശ്വാസിയായ സഹപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഗോവയില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായത്. ജൂണ്‍ 7 ന് ബുര്‍ ദുബായിലെ പ്രാദേശിക ബ്രാഞ്ചില്‍ വച്ചാണ് സംഭവം. അല്‍ റഫ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഉംറ നിര്‍വഹിക്കുന്നതിനായി മക്കയില്‍ പോകുന്നതിന് ലീവ് ചോദിച്ചപ്പോള്‍ തന്റെ ബോസായ ബാങ്ക് മാനേജര്‍ തന്റെ മതവിശ്വാസത്തെ നിന്ദിയ്ക്കുകയും ഇസ്ലാമിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്നാണ് ബെംഗളൂരു സ്വദേശിയായ 30 കാരന്റെ പരാതി.
ജൂണ്‍ 7 ന് രാവിലെയാണ് സംഭവം. ഉംറയ്ക്ക് പോകാന്‍ ലീവ് ആവശ്യപ്പെട്ടപ്പോള്‍, നിരവധി ജീവനക്കാരുടെ മുന്നില്‍വച്ച്, ഉംറയ്ക്ക് പോകാന്‍ അത്ര ആഗ്രഹമാണെങ്കില്‍ വിക്ടറി ഹൈറ്റ്സിലെ തന്റെ വില്ലയ്ക്ക് ചുറ്റും വലംവയ്ക്കാന്‍ മാനേജര്‍ തന്നോട് പറയുകയായിരുന്നുവെന്ന് ബെംഗളൂരു സ്വദേശി ഒരു മാധ്യമത്തോടെ പറഞ്ഞു.
തന്റെ ബോസിന്റെ പരാമര്‍ശം ഞെട്ടിച്ചുകളഞ്ഞുവെന്നും ഒരു മതത്തിനെതിരെയും നിന്ദാപരമായ പരാമര്‍ശം നടത്താന്‍ അദ്ദേഹത്തിന് യാതൊരു അവകാശവും ഇല്ലെന്നും ബെംഗളൂരു സ്വദേശി പറഞ്ഞു.
മാനേജര്‍ തന്നെ വ്യക്തിപരാമായി അധിക്ഷേപിച്ചുവെന്നും ഇയാള്‍ പറഞ്ഞു. തന്റെ ചുവന്ന കണ്ണുകള്‍ കണ്ടാല്‍ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുമെന്ന് പറഞ്ഞു. റമദാന്‍ മൂലം ഉറക്കക്കുവ് മൂലമാകാം അങ്ങനെയിരിക്കുന്നതെന്ന് പറഞ്ഞിട്ട് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. റമദാന്‍ ദാനധര്‍മ്മങ്ങളുടെ മാസമാണ്. എന്നാല്‍ തന്റെ മാനേജര്‍ തനിക്ക് വേദനയാണ് നല്‍കിയത്. സംഭവദിവസം തന്നെ പോലീസില്‍ പരാതി നല്‍കിയതായും ഇയാള്‍ പറഞ്ഞു.
നിരവധി മുതിര്‍ന്ന ജീവനക്കാര്‍ മാനേജര്‍ക്ക് മാപ്പ് നല്‍കാനും പരാതി പിന്‍വലിക്കാനും തന്നോട് അഭ്യര്‍ഥിച്ചു. പക്ഷേ, അത് കേള്‍ക്കാന്‍ താന്‍ തയ്യാറായില്ല. റമദാന്‍ ദൈവഭക്തിയുടേയും ക്ഷമയുടേയും മാസമാണ്. എന്നാല്‍ ചില പ്രവര്‍ത്തികള്‍ മാപ്പ് അര്‍ഹിക്കുന്നില്ല- ബംഗളൂരു സ്വദേശി പറഞ്ഞു.
ഏത് തരത്തിലുമുള്ള മതനിന്ദയ്ക്ക് കടുത്ത ശിക്ഷ നടപടികളാണ് യു.എ.ഇ നിയമം വ്യവസ്ഥ ചെയ്യുന്നത്. കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ ആറു മുതല്‍ പത്ത് വര്‍ഷം വരെ തടവും 50000 ദിര്‍ഹം മുതല്‍ 2 മില്യണ്‍ ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
Post Your Comments