Latest NewsNewsIndia

ഭാര്യയുടെ വാട്സ്ആപ്പ് ചാറ്റ് പരിശോധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ആഗ്ര•തന്റെ ഫോണെടുത്ത് വാട്സ്ആപ്പ് ചാറ്റും കോള്‍ രേഖകളും പരിശോധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ യുവതി അരിവാള്‍ കൊണ്ട് വെട്ടി. ഖേരാഗഡിലെ ഭിലാവാലി ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. തലയില്‍ വെട്ടേറ്റ ഭര്‍ത്താവ് നേത്രപാല്‍ സിംഗിനെ എസ്.എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയില്‍ നിരവധി തയ്യലുകള്‍ ഇടേണ്ടി വന്നിട്ടുണ്ട്.

2014 ലാണ് നേത്രപാല്‍, 19 കാരിയായ നീതു സിംഗിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞായിരുന്നു താമസം. ഇതിനിടെ യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞമാസം ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ്‌ നീതു ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.

ശനിയാഴ്ച, നീതു മറ്റൊരു പുരുഷനുമായി ചാറ്റ് ചെയ്യുന്നത് നേത്രപാല്‍ കാണാനിടയായി. തുടര്‍ന്ന് നേത്രപാല്‍ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ച യുവതി അയാളോട് ശല്യം ചെയ്യാതെ മാറിപ്പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബലമായി ഫോണ്‍ പിടിച്ചുവാങ്ങിയ നേത്രപാലിനെ നീതു പുറകില്‍ നിന്നും അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

നീതു ഇതര ജാതിയില്‍പെട്ട മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ സമയത്ത് ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും നേത്രപാലിന്റെ പിതാവ് രാജീവ്‌ സിംഗ് പറഞ്ഞു. പ്രായോഗികമായി ചിന്തിക്കാനും നേത്രപാലിനൊപ്പം ജീവിതം നയിക്കാനും തങ്ങള്‍ ആവുംവിധം പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ അവള്‍ കാമുകനുമായി ബന്ധം തുടരുകയായിരുന്നു.- രാജീവ്‌ സിംഗ് പറഞ്ഞു.

അതിനിടെ, നീതു കാമുകനൊപ്പം ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചു. പക്ഷെ, നേത്രപാലിന്റെ ബന്ധുക്കള്‍ ഇരുവരെയും പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. നേത്രപാല്‍ അരിവാള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച ശേഷം തന്നെ കുഴപ്പത്തിലാക്കുകയായിരുന്നുവെന്നാണ് നീതു പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും നേത്രപാലിന്റെ കുടുംബത്തില്‍ നിന്ന് രേഖാമൂലമുള്ള പരാതിയ്ക്കായി കാത്തിരിക്കുകയാണെന്നും ഖേരാഗഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ അജയ് സിംഗ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button