Latest NewsKeralaNews

കേന്ദ്രനിയമം കുടുംബശ്രീ നടപ്പിലാക്കുന്നു; തട്ടുകടകളും തൊഴിലാളികളും പ്രൊഫഷണൽ സംവിധാനത്തിലേക്ക്

തിരുവനന്തപുരം: കേന്ദ്ര നിയമം നടപ്പിലാക്കി കുടുംബശ്രീ. തട്ടുകടകളും തൊഴിലാളികളും പ്രൊഫഷണൽ സംവിധാനത്തിലേക്ക് മാറി തട്ടുകടകള്‍ നവീകരിക്കാന്‍ കേരളം തയ്യാറെടുക്കുന്നു. പട്ടണങ്ങളിലെ തട്ടുകടകള്‍ക്ക് ഇനി ഒരു ബ്രാന്‍ഡ്, തൊഴിലാളികള്‍ക്ക് ഒരേവേഷം.

2014-ല്‍ തെരുവോരകച്ചവടക്കാരുടെ ഉപജീവനസംരക്ഷണത്തിനും നിയന്ത്രണത്തിനുമായി കേന്ദ്രം പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. നിയമ ചട്ടത്തിന്റെ കരട് തയ്യാറായി. ദേശീയ നഗരഉപജീവന മിഷന്റെ അടുത്ത ചുവടുവെപ്പാണ് തെരുവോരകച്ചവടക്കാരുടെ പുനരധിവാസം. കുടുംബശ്രീ മിഷനാണ് കേന്ദ്രത്തിന്റെ ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. ഇതിന്റെഭാഗമായി തെരുവോര കച്ചവടക്കാരുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി.

തെരുവുകച്ചവടക്കാരിൽ 60 ശതമാനം പേരും ഭക്ഷ്യവസ്തുക്കളാണ് കച്ചവടം ചെയ്യുന്നത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയും ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കിയും സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഭക്ഷ്യവിപണനശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മിഷന്റെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് പറഞ്ഞു. ഭക്ഷ്യവിപണനത്തില്‍ പാലിക്കേണ്ട ശുചിത്വത്തെപ്പറ്റി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കും. ഈവര്‍ഷം അവസാനത്തോടെ ബ്രാന്‍ഡിങ്ങിന് തുടക്കംകുറിക്കും.

കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡും കച്ചവടത്തിന് ലൈസന്‍സും നല്‍കും. തിരിച്ചറിയല്‍ കാര്‍ഡ് പാലക്കാട്, മലപ്പുറം നഗരസഭകളിൽ വിതരണം തുടങ്ങി. കൂടാതെ വായ്പാമാര്‍ഗങ്ങളെപ്പറ്റി ഇവരെ ബോധവത്കരിക്കും. ഇപ്പോള്‍ പോലീസിന്റെയും തെരുവുഗുണ്ടകളുടെയും ദാക്ഷീണ്യത്തിലാണ് നിരത്തുകളില്‍ കച്ചവടം അനുവദിക്കുന്നത്. ലൈസന്‍സ് ലഭിക്കുന്നതോടെ തെരുവുകച്ചവടം അവകാശമാവും.

നിലവില്‍ കച്ചവടം ചെയ്യുന്ന സ്ഥലത്തുതന്നെ ഗതാഗതത്തിന് തടസ്സമല്ലെങ്കില്‍ താത്കാലിക സൗകര്യങ്ങള്‍ ഒരുക്കും. അല്ലാത്തയിടങ്ങളിലെ കച്ചവടക്കാരെ ഒരുമിച്ച് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. താത്കാലിക കെട്ടിടങ്ങള്‍ ഇതിനായി നിര്‍മിക്കും. കുടിവെള്ളം, വൈദ്യുതി എന്നിവയൊക്കെ ഉറപ്പാക്കും. നഗരസഭകള്‍ക്ക് വേണമെങ്കില്‍ ഇവരില്‍നിന്ന് ചെറിയ വാടകയും ഈടാക്കാം. മാര്‍ച്ച് മാസത്തോടെ എല്ലായിടത്തും പാക്കേജുകള്‍ക്ക് രൂപംനല്‍കാനാണ് ശ്രമമെന്ന് ബിനു ഫ്രാന്‍സിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button