ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ എണ്‍പതു വയസുള്ള വയോധികയെയും നൂറുവയസുള്ള ഭര്‍ത്താവിനെയും പോലീസ് മര്‍ദിച്ച നടപടി വിവാദമാകുന്നു. ഇരുവരും കര്‍ഷക സമരത്തെ സഹായിച്ചെന്നാരോപിച്ചായിരുന്നു പോലീസിന്റെ മര്‍ദനം. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു താനും ഭര്‍ത്താവും നിരാഹാരം നടത്താന്‍ പോവുകയാണെന്നും മുഖ്യമന്ത്രി നേരിട്ടെത്താതെ നിരാഹാരം നിര്‍ത്തില്ലെന്നും ഇവര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. പരാതി പറയാന്‍ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.
കമലാബായി എന്ന വയോധികയെയാണ് പോലീസ് തല്ലിച്ചതച്ചതായി പരാതിയുള്ളത്. പോലീസ് മര്‍ദനത്തില്‍ ഇവരുടെ മുഖത്തും കൈയ്ക്കും പരിക്കുണ്ട്. അടിയേറ്റു കൈയുടെ എല്ലുപൊട്ടി. അതേസമയം, പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്കൊപ്പം ഇവര്‍ റാലിയില്‍ ഉണ്ടായിരുന്നെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍, ചിതറിയോടിയ കര്‍ഷകരെ പിന്തുടര്‍ന്നെത്തിയ പോലീസ് തന്റെ വീട്ടുവളപ്പില്‍ കയറുകയും സമരക്കാരെ സഹായിച്ചെന്നാരോപിച്ചു തല്ലിച്ചതയ്ക്കുകയുമായിരുന്നെന്ന് കമലാബായി ആരോപിക്കുന്നു. സമരക്കാരോടു വാഹനം കത്തിക്കാനും പ്രശ്‌നമുണ്ടാക്കാനും താനാണ് നിര്‍ദേശിച്ചതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു പോലീസ് മര്‍ദനമെന്ന് ഇവര്‍ പറയുന്നു.
എന്നാല്‍, കാലില്‍ കമ്പിയിട്ടിരിക്കുന്നതിനാല്‍ ഒന്നരവര്‍ഷമായി കട്ടിലില്‍ത്തന്നെ കഴിയുകയാണ് താനെന്നു പോലീസിനോടു കെഞ്ചിപ്പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ലെന്നും തന്നെയും ഭര്‍ത്താവ് ശിവചന്ദ്രന്‍ മേവാഡെയെയും മര്‍ദിച്ചെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇവരുടെ ഒരു മകനെയും നാലു പേരക്കുട്ടികളെയും സമരത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments