വാഷിങ്ടൺ: സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ യു എസ് സൈനികര്‍ കരഞ്ഞതായി വെളിപ്പെടുത്തൽ. ‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ എന്ന പുസ്തകത്തിൽ, ജയിലിൽ സദ്ദാമിന്റെ സുരക്ഷക്കായി നിയമിച്ചിരുന്ന ഒരു അമേരിക്കൻ സൈനികനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ഡയലി പാക്കിസ്ഥാന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ സൗഹാർദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും ഇവർ അദ്ദേഹത്തെ ‘ഗ്രാൻഡ്പാ’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്കത്തിൽ പറയുന്നു.
തൂക്കിലേറ്റിയപ്പോൾ തങ്ങളോട് ഏറ്റവും അടുത്തൊരാളെ ഞങ്ങൾ കൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഞങ്ങളെല്ലാവരും ഈ സന്ദർഭത്തിൽ കരഞ്ഞു. സൈനികൻ ആ ദിവസം ഓർക്കുന്നു. തന്റെ ഭരണകാലത്തെക്കുറിച്ചും ജീവിതാനുഭവങ്ങളും സദ്ദാം ജയിലിൽ പങ്കുവെക്കുമായിരുന്നെന്നും ഇത് ഇവർ കേട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവസാനകാലത്ത് സദ്ദാമിന്റെ കാവല്ക്കാരായുണ്ടായിരുന്ന 12 യു എസ് സൈനികരുടെ അനുഭവങ്ങള്‍ ഭാഗികമായി ചര്‍ച്ച ചെയ്യുന്ന പുസ്തകത്തില്‍ വിൽ ബാർഡൻവെപെർ എന്ന സൈനികനാണ് വെളിപ്പെടുത്തൽ നടത്തിയത്.
മറ്റു 11 സഹപ്രവർത്തകർക്കൊപ്പമാണ് ഇദ്ദേഹം സദ്ദാമിന്റെ ജയിൽ കാവലിന് നിയമിക്കപ്പെട്ടത്. പൂന്തോട്ടനിർമാണം ഇഷ്ടപ്പെട്ടിരുന്ന സദ്ദാം സിഗരറ്റുകളെ സ്നേഹിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. ശരിയായരീതിയിൽ സിഗരറ്റ് വലിക്കാൻ തന്നെ പഠിപ്പിച്ചത് ഫിദൽ കാസ്ട്രോയായിരുന്നെന്ന് സദ്ദാം സൈനികരോട് പറഞ്ഞിരുന്നതായും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്. 2006 ഡിസംബർ 30നാണ് സദ്ദാമിനെ തൂക്കിക്കൊല്ലുന്നത്.
Post Your Comments