കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് എസ്എഫ്ഐ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജുനൈദ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മഹാരാജാസ് കോളേജില്‍ അടുത്തകാലത്തായി അരാഷ്ട്രീയ പ്രവണതയുളള ചില സംഭവങ്ങളുണ്ടായെന്നു സമ്മതിക്കുന്നത്.
ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു സ്വയം പരിശോധിക്കണമെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. സംഭവത്തില്‍ വീഴ്ച പറ്റിയെന്നു എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി സമ്മതിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐയുടെ കുറ്റസമ്മതം.
കസേര കത്തിക്കലില്‍ പങ്കില്ലെന്നു എസ്എഫ്ഐ പുറത്ത് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തെറ്റ് സമ്മതിക്കുകയാണ് ചെയ്യുന്നത്. സംഭവത്തില്‍ എസ്എഫ്ഐ നേതാക്കളെ ഉള്‍പ്പെടെ ആറു പേരെ പുറത്താക്കിയിരുന്നു. എസ്എഫ്ഐ നേതാക്കളായ ഹരികൃഷ്ണന്‍, അമീര്‍, യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ തുടങ്ങിയവരുള്‍പ്പെടെ ആറു പേരെയാണ് കോളേജില്‍ നിന്നും പുറത്താക്കിയിരുന്നത്.
Post Your Comments