കണ്ണൂർ : ഏറേ പ്രതീക്ഷയോടെ മഴക്കാലത്തിനുമുന്‍പുതന്നെ തുറന്നുകിട്ടുമെന്ന് പ്രതീക്ഷിച്ച പാപ്പിനിശ്ശേരി പഴയ റെയില്‍വേ ഗേറ്റിന് സമീപത്തെ അടിപ്പാതനിര്‍മാണം വെള്ളത്തിലായി. കനത്തമഴ തുടങ്ങിയതോടെ സമീപഭാഗങ്ങള്‍ ഇടിഞ്ഞുവീഴുന്നത് പ്രദേശത്തെ റെയില്‍പ്പാളത്തിനും നടപ്പാതകള്‍ക്കും കനത്ത ഭീഷണിയായി. അടിപ്പാതയുടെ പ്രവൃത്തി സ്തംഭിച്ചതോടെ നടപ്പാതകളുടെ സമീപ ഭാഗങ്ങളില്‍നിന്ന് മണ്ണിടിഞ്ഞുമൂടുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
പാപ്പിനിശ്ശേരി മേല്‍പ്പാലം പ്രവൃത്തി അനിശ്ചിതമായി നീണ്ടതോടെയാണ് ജനവികാരം കണക്കിലെടുത്ത് അന്നത്തെ എം.പി. റെയില്‍വേ അധികൃതരില്‍ സമ്മര്‍ദം ചെലുത്തി അടിപ്പാതയ്ക്കടക്കമുള്ള അനുമതി വാങ്ങിയത്. ഇക്കാര്യത്തില്‍ അന്നത്തെ കളക്ടറും പ്രദേശവാസികളുടെ യാത്രാദുരിതം നേരിട്ട് മനസ്സിലാക്കി അടിപ്പാതയുടെ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, പ്രവൃത്തി അനിശ്ചിതമായി നീളുകയായിരുന്നു. 2016 ഏപ്രിലിലാണ് വീണ്ടും അടിപ്പാതയ്ക്ക് വേഗം കൂടിയത്. കാലവര്‍ഷം തുടങ്ങിയതോടെ പ്രവൃത്തി നിര്‍ത്തിവെക്കുകയായിരുന്നു. 2017 ആയിട്ടും അടിപ്പാതയുടെ നിശ്ചലാവസ്ഥ വാര്‍ത്തയായതോടെയാണ് വീണ്ടും പ്രവൃത്തി പുനരാരംഭിച്ചത്.
പ്രവൃത്തി വേഗംകൂട്ടാനായി സ്ഥലം എം.പി. പി.കെ.ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലംസന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ അവസാനംതന്നെ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രഖ്യാപനമല്ലാതെ തുടര്‍പ്രവൃത്തി പിന്നീടുണ്ടായില്ല. അടിപ്പാതനിര്‍മാണത്തിന്റെ ചുമതലയുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമാണ് പ്രവൃത്തി തടസ്സപ്പെട്ടതിനുപിന്നിലെ കാരണമായി പറയപ്പെടുന്നത്.
Post Your Comments