കൊച്ചി:പ്രശ്‌നക്കാരായ എല്ലാ രാഷ്ട്രീയക്കാരേയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഡിജിപി സെന്‍കുമാര്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നതിനു മുൻപേ തന്നെ കേരളത്തിലെ രാഷ്ട്രീയ സംഘര്ഷങ്ങള് ഒഴിവാക്കാനാണ് ഡിജിപിയുടെ കർശന ഇടപെടൽ ഉണ്ടാവുന്നത്. ഡൽഹിയിൽ സീതാറാം യെച്ചൂരിക്ക് നേരെ ഉണ്ടായ ആക്രമണ ശ്രമത്തിന്റെ പേരിൽ സംഘർഷമുണ്ടായത് കേരളത്തിലാണ്. ഇത് ബോധപൂർവമാണെന്നും ആരോപണമുണ്ട്.
കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ ഇതുകൊണ്ടു തന്നെ പ്രത്യേക നിരീക്ഷണത്തിനാണ് ഡിജിപിയുടെ ഉത്തരവ്.സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിന്റെ പകർപ്പ് ജില്ലാ പൊലീസ് മേധാവിമാർക്കു കൈമാറി. രാഷ്ട്രീയസംഘർഷത്തിൽപ്പെട്ട് അറസ്റ്റിലായവർക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുക്കാനാണു തീരുമാനം.
എറണാകുളം ജില്ലയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം സുരക്ഷിതമായിരിക്കുമോ എന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടിയിട്ടുമുണ്ട്.കൂടുതൽ കേന്ദ്രസേനയെ ഇവിടെ വിന്യസിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. സംഘർഷ മേഖലകളിലെ പ്രാദേശികതലത്തിലുള്ള ചെറിയ വാക്കുതർക്കങ്ങൾപോലും ജില്ലാ പൊലീസ് മേധാവികളെ അറിയിക്കാനാണ് നിർദ്ദേശം.
സംസ്ഥാനമൊട്ടാകെ ആർ എസ് എസിന്റെയും സിപിഎമ്മിന്റെയും കൊടിമരങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കപ്പെടുന്നതിൽ സാമൂഹിക വിരുദ്ധരും ഉൾപ്പെട്ടിട്ടുണ്ടോയെന്നു പൊലീസിന് സംശയമുണ്ട്. കലാപം ലക്ഷ്യമിട്ടു നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കാനും ഉത്തരവുണ്ട്.സംഘർഷമുള്ള ജില്ലകളിൽ സി.പി.എം, ബിജെപി. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിക്കാനും ഡിജിപി ഉത്തരവുണ്ട്.
Post Your Comments