നാട്ടിൽ അരങ്ങേറുന്ന കൊല്ലും, കൊള്ളിവയ്പ്പും ഒരു സർക്കാരിന്റെ മുഖ മുദ്രയാവുന്നുവോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു ഒരുവർഷം തികയുന്ന സർക്കാരിന്റെ ഈ കാലയളവിൽ. ഭരണ വീഴ്ചകളും, തിരുത്തലുകളും മാത്രമായി ഈ ഒരു വർഷത്തെ വിലയിരുത്തുന്ന സാധാരണ ജനത്തെ കുറ്റം പറയാനൊക്കില്ല. ഒരുപാടു പ്രതീക്ഷയോടെ ഭരണത്തിലേറ്റിയ തങ്ങളുടെ ഭരണകർത്താക്കളിൽ നിന്നും പ്രതീക്ഷിച്ച ഒന്നും നടപ്പിൽ വരാത്തത്തിൽ ജനങ്ങൾ അസംതൃപ്തർ തന്നെയെന്നു മാത്രമല്ല, കുറഞ്ഞ കാലത്തിൽ തന്നെ രണ്ടു മന്ത്രിമാർ പുറത്തു പോവേണ്ടി വന്ന അവസ്ഥയും, സ്വജന പക്ഷപാതം ഇപ്പോഴും നിലനിൽക്കുന്നു എന്നതിലും ജനങ്ങൾ തികച്ചും നിരാശർ തന്നെ.
സാധാരണക്കാരന്റെ ഉപ ജീവനത്തിലും തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. ഉപ്പു തൊട്ടു കർപ്പൂരം വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിൽ ഭക്ഷ്യ വസ്തുക്കൾക്ക് ഓരോ ദിനവും വില കുതിച്ചുയർന്നു കൊണ്ടേയിരുന്നു എന്ന് പറയേണ്ടി വരുന്നു. വില നില ഒരു പരിധിവരെ പിടിച്ചു നിർത്തിയ റേഷൻ ഷോപ്പുകളിലും സാധാരണക്കാരന്റെ പ്രതീക്ഷകൾ അസ്തമിച്ചു. മാത്രമല്ല ഭക്ഷ്യ വസ്തുക്കളിൽ നിറഞ്ഞ മായം കലർത്തൽ ഇത്രനാളും കണ്ടതിൽ വച്ച് ഏറ്റവും കൂടിയ രീതിയിൽ ഉയർന്നു. മലയാളിക്ക് ഒരു വിള, തമിഴന് ഒരു വിള എന്ന രീതിയിൽ തരംതിരിക്കപ്പെട്ടു മലയാളിയുടെ ഭക്ഷ്യ വസ്തുക്കൾ. സാധാരണക്കാരന്റെ വീട്ടിലും പ്ലാസ്റ്റിക് അരി വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ. ചരിത്രം കണ്ടതിൽ ഏറ്റവും വലിയ നിരക്കായ അമ്പതു രൂപയും കടന്നു അരിവില കുതിച്ചുയർന്നതും എടുത്തു പറയേണ്ട ഒന്ന് തന്നെ.
വിവിധ സർക്കാർ ജോലിക്കാരുടെ കഷ്ടതകളും മൂടുപടം നീക്കി പുറത്തു ചാടി. അതിൽ നഷ്ടത്തിന്റെ കണക്കുകൾ മാത്രം പുറത്തുവിടുന്ന കെഎസ്ആർടിസി തന്നെ മുൻപന്തിയിൽ. ഇന്നേവരെ കാണാത്ത സമരപരിപാടികളും കേരളം സാക്ഷ്യം വഹിച്ചു. നിലവിലെ ശമ്പള കുടിശികയും, മുൻ മാസങ്ങളിലെ, വർഷങ്ങളിലെ കുടിശ്ശിക പോലും കിട്ടാതെ ജീവനക്കാർ വലഞ്ഞു. തൊഴില്ലില്ലായ്‌മയിൽ മുൻ വർഷങ്ങളെക്കാൾ ഉയർന്ന തോതിൽ പരാതി ഉയർന്നു.
ക്രമസമാധാന നില പാടെ തകകർന്നു എന്ന വിലയിരുത്തലും ഈ വാർഷിക ഭരണത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി. അക്രമ രാഷ്ട്രീയത്തിൽ ഒരു ചേരിയിൽ തങ്ങളുടെ അണികൾ എന്നത് കൊണ്ടും, മരണപ്പെടുന്നവർ മുഖ്യമന്ത്രിയുടെ വാർഡിൽ പോലും ഉണ്ടായതും, കൊലപാതക കണക്കു രണ്ടുപക്ഷത്തുമായി ഇരുപതിനോട് അടുത്തതും സർക്കാർ വലിയ സമ്മർദ്ദത്തിലായി. വർധിച്ചു വരുന്ന സ്ത്രീ പീഡന കേസുകൾ ഈ സർക്കാരിന്റെ വലിയ പാളിച്ചയായി വിലയിരുത്തപ്പെട്ടു. സ്ത്രീ പീഡന കേസുകളിൽ വേണ്ടരീതിയിൽ പ്രതികളെ പിടി കൂടാത്തതും, പാർട്ടി പ്രാദേശിക നേതാക്കളിൽ ചിലർ പ്രതിയായി വന്നതും, ഗതാഗത മന്ത്രി തന്നെ രാജിവെക്കേണ്ട അവസ്ഥയിൽ കഥകൾ മാറിയതും ജനങ്ങളെ സർക്കാരിൽ നിന്നും അകറ്റിയെന്നു പ്രതിപാതിക്കാതെ വയ്യ. കൊച്ചു കുട്ടികൾ തുടങ്ങി, വൃദ്ധമാർ വരെ പീഡനത്തിന് ഇരയാവുന്നതും, തുടർന്നുള്ള ആത്മഹത്യയും സർക്കാരിനെ വിടാതെ പിന്തുടർന്ന കാലകേടുകളായി ഭവിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലും സർക്കാരിന് വലിയ തോതിൽ തിരിച്ചടികൾ നേരിട്ടു. ഉയർന്നു വന്ന പല വിദ്യാർത്ഥി സമരങ്ങളിലും മാനേജ്മെന്റുകളുടെ സംരക്ഷകരായി സർക്കാർ മാറുന്നതും നാം കണ്ടു. സിപിഐഎം വിദ്യാർത്ഥി പ്രസ്ഥാനം ഒഴികെ മറ്റു വിദ്യാർത്ഥി പ്രസ്ഥാനങ്ങളെല്ലാം ഒന്നിച്ചു സമരമുഖം തുറന്നതും, മാനേജ്മെന്റുകളെ മുട്ടുകുത്തിച്ചതും സർക്കാരിനേറ്റ കനത്ത ആഘാതമായി. ജിഷ്ണു പ്രണോയ് കേസിലും, അമ്മ മഹിജക്കും സർക്കാരിൽ നിന്നും നീതി കിട്ടിയില്ല എന്നതും, അവർക്കെതിരെ നടന്ന പോലീസ് തേർവ്വാഴ്ചയും സമൂഹത്തിൽ വലിയ തോതിൽ സർക്കാരിന് അവമതിപ്പുളവാക്കി.
ജുഡീഷ്യറിയും സർക്കാരും പല ഘട്ടത്തിലും നേർക്കുനേർ വരുന്ന ഘട്ടങ്ങളിലും, നിരന്തരം കോടതി പരാമർശങ്ങൾ കേൾക്കുന്നതിലും, സർക്കാർ തിരുത്തലുകൾക്കും, കോടതിയോടുള്ള മപ്പപേക്ഷയും മുൻപ് ഒരു സർക്കാരിൽ നിന്നും സംഭവിക്കാത്ത രീതിയിൽ ഈ സർക്കാർ ചെയ്തുപോരുന്നു. സെൻകുമാർ വിഷയത്തിൽ സർക്കാർ അമ്പേ പരാജയപ്പെടുകയും, അദ്ദേഹത്തെ പുനർനിയമിക്കേണ്ട അവസ്ഥയും സർക്കാർ നേരിട്ടു. ഒരു മുഖ്യന് ഇത്രകണ്ട് ഉപദേശക വൃന്ദത്തെ നിയമിച്ചും സർക്കാർ വ്യത്യസ്തത പുലർത്തിയെന്നതും ശ്രദ്ധേയം.
ഭരണത്തിലേറും മുൻപ് നൽകിയ ഓരോ ഭരണ വാഗ്ദാനങ്ങളും കാറ്റിൽ പറത്തുന്ന വസ്തുതകളാണ് നിലവിൽ അരങ്ങേറുന്നത്. നിലവിലെ ആർഎസ്എസ്, ബിജെപി, ഇടതു അക്രമ സംഭവങ്ങൾക്ക് പുറമെ ഇടതു ദേശീയ നേതാവിനെ ആക്രമിച്ചു എന്നതിന്റെ പേരിൽ ഇപ്പോൾ സംസ്ഥാനത്തിൽ ആകമാനം നടക്കുന്ന അക്രമ സംഭവങ്ങളിൽ ഒരുവശത്തു പ്രധാന ഭരണകക്ഷിയായ സിപിഐഎം എന്നത് തികച്ചും അപകടകരം തന്നെ. യുഡിഎഫിൽ നിന്നും ഭരണം പിടിക്കാൻ തിരഞ്ഞെടുപ്പു സമയത്തു നൽകിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു വർധിച്ചു വരുന്ന മദ്യ ഉപഭോഗം കുറയ്ക്കും എന്നത്. എന്നാൽ കോടതിപോലും ഇടപെട്ടു ഉത്തരവ് പ്രസ്താവിച്ചിട്ടും, അതിനെപ്പോലും മറികടക്കുന്ന രൂപത്തിൽ മദ്യ ലോബികൾക്കു വേണ്ടി രൂപീകരിച്ച മദ്യ നയം മറച്ചു പിടിക്കാനും, കോൺഗ്രസ് പിന്തുണയോടെ രാജ്യസഭാ സീറ്റു നേടാനുള്ള യെച്ചൂരിയുടെ ശ്രമം നടക്കാതെ പോയതും, പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്താനുള്ള അടവായി മാത്രം ഈ അക്രമ സംഭവങ്ങളെ കൂട്ടിവായിക്കേണ്ടതുണ്ടെന്നു പറയാതെ വയ്യ. ശ്രീ എകെ ആന്റണി സർക്കാർ കാലത്തു നടപ്പിൽ വരുത്തിയ ചാരായ നിരോധനം തന്നെ ഇന്നത്തെ മദ്യ ഉപഭോഗം ഇത്രകണ്ട് വർധിച്ചതെന്നതും വസ്തുതയാണ്. സർക്കാരിന്റെ കീഴിൽ നിന്നും മദ്യ മുതലാളിമാർക്ക് കേരളം തീറെഴുതി കൊടുത്ത ഇന്നത്തെ അവസ്ഥയ്ക്ക് മാറി മാറി വന്ന ഇടതു, വലതു സർക്കാരുകൾ നൽകിയ പ്രവർത്തനങ്ങൾ കേരള ജനത കണ്ടുകൊണ്ടിരിക്കുന്ന ഒന്ന് തന്നെ. കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ അരങ്ങേറിയ മദ്യ ലോബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തിരിച്ചടിയായി, ഇടതു പാർട്ടികളുടെ വാഗ്ദാനങ്ങളിൽ വിശ്വസിച്ച പൊതുജനത്തിന്റെ മുഖത്തേറ്റ കനത്ത അടി തന്നെ വൻഭൂരിപക്ഷത്തിൽ ഭരണത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ ഇന്നത്തെ മദ്യനയം എന്ന് പറയാതെ വയ്യ.
ഇതെല്ലം കണ്ടു, അനുഭവിക്കുന്ന കേരള ജനത ഒന്നടങ്കം പറയുന്നു “എൽഡിഎഫ് വന്നു, എല്ലാം ശരിയാക്കി” എന്ന പരസ്യ വാചകം.
വി.കെ ബൈജു
Post Your Comments