കൃഷ്ണകുമാർ
മലപ്പുറം: ജില്ലയിലെ ദേശീയപാതയില്‍ പത്തുകിലോമീറ്റര്‍ പരിധിയില്‍ ഒരു ആംബുലന്‍സ് എന്ന ലക്ഷ്യത്തിലേക്ക് ജില്ലയും. അപകടസ്ഥലത്ത് അഞ്ചുമിനിറ്റിനുള്ളില്‍ ആംബുലന്‍സ് എത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയില്‍ 102 ആംബുലന്‍സ് പദ്ധതി നടപ്പാക്കും. ഇതുസംബന്ധിച്ച് നടന്ന ആംബുലന്‍സ് ഉടമസ്ഥരുടെയും ഡ്രൈവര്‍മാരുടെയും യോഗത്തില്‍ ജില്ലാകളക്ടര്‍ അമിത് മീണ അധ്യക്ഷതവഹിച്ചു.
102 ആംബുലന്‍സ് പദ്ധതിയില്‍ അംഗമാകുന്ന വാഹനങ്ങള്‍ക്ക് ഉപകരണമുള്‍പ്പെടെയുള്ള സൗജന്യ ജി.പി.എസ്. സംവിധാനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനത്തിനായി ഒരു വാഹനത്തിന് ഏകദേശം നാലായിരം രൂപ ചെലവു വരും. ഇപ്പോള്‍ അപകടം നടന്നാല്‍ ആംബുലന്‍സ് എത്താന്‍ ശരാശരി 45 മിനിറ്റ് എടുക്കുന്നുണ്ട്. അത് ദേശീയ ശരാശരി സമയമായ അഞ്ചുമിനിറ്റിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഓരോ 10 കിലോമീറ്റര്‍ പരിധിയിലും ഒരു ട്രോമാകെയര്‍ ഹബ്ബും നിര്‍മിക്കും. ഈ ഹബ്ബില്‍ അടിയന്തരശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുണ്ടാവും. ഓരോ ആംബുലന്‍സിനും സ്‌പൈനല്‍ബെഡുകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും സൗജന്യമായി നല്‍കും. തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം.
കളക്ടറേറ്റില്‍നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, െഡപ്യൂട്ടി കളക്ടര്‍ സി. അബ്ദുല്‍ റഷീദ്, ആര്‍.ടി.ഒ. കെ.എം. ഷാജി, എയ്ഞ്ചല്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. എം.കെ. ശ്രീബിജു, പ്രതീഷ് കെ.പി, നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മറ്റു തീരുമാനങ്ങള്‍ പദ്ധതിയില്‍ച്ചേരുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍കാര്‍ഡ് നല്‍കും.
സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും.ആംബുലന്‍സുകളുടെ നികുതി ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും പ്രഥമശ്രുശ്രൂഷയില്‍ പരിശീലനം നല്‍കും.
അനാഥരായ രോഗികളെ ആസ്പത്രിയില്‍ എത്തിച്ചാല്‍ പണംകിട്ടാത്ത കേസുകളില്‍ തുകനല്‍കാന്‍ പ്രത്യേക ഫണ്ടു കണ്ടെത്തും.
Post Your Comments