വി.കെ ബൈജു
കൊച്ചി: ഇന്ത്യയിലെ അതിസമ്പരില്‍ ഒരാളായ ബി.ആര്‍ ഷെട്ടി കേരളത്തിലെ ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലക്ക് മുമ്പില്‍ മുട്ടുമടക്കിയോ?, അതോ ഹൈന്ദവ സംസ്കാരം ഉൾക്കൊണ്ടുള്ള പിന്മാറ്റമോ….? പുറത്തു വരുന്ന വാര്‍ത്തകള്‍ വിരല്‍ ചൂണ്ടുന്നത് ഉൾക്കൊള്ളാനുള്ള മനസ് എന്നത് തന്നെയെന്നു പറയാം. വിരൽ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്. ബാഹുബലി സൃഷ്ടിച്ച തരംഗം ചര്‍ച്ചയാകുമ്പോള്‍ തന്നെയായിരുന്നു എംടിയുടെ തിരക്കഥയില്‍ ബി.ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് സിനിമയായ മഹാഭാരതത്തിന്റെ പ്രഖ്യാപനവും. ആയിരം കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ നായകനാകുന്നത് നടന വിസ്മയം മോഹല്‍ലാല്‍ ആണെന്ന് അറിഞ്ഞതോടെ മലയാളികളും ആവേശത്തിലായി.
എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ‘രണ്ടാമൂഴം ‘ എന്ന പേരില്‍ എംടി വാസുദേവന്‍ നായര്‍ എഴുതിയ പുസ്തകം സിനിമയാകുമ്പോഴും അതേ പേരില്‍ തന്നെ മതിയെന്ന ശശികല ടീച്ചറിന്റെ പ്രസ്താവന കലാ ലോകത്ത് തന്നെ കോളിളക്കം സൃഷ്ടിച്ചു. അതിന് അവര്‍ പറഞ്ഞ കാരണം ഇതാണ് , ”എംടിയുടെ രണ്ടാമൂഴം മഹാഭാരതത്തിന്റെ വികലമായ ആവിഷ്ക്കാരമാണ്. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത് കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഈ പേരിലാണ് സിനിമ തീയറ്ററില്‍ എത്തുന്നതെങ്കില്‍ ആ സിനിമ തീയറ്റര്‍ കാണില്ല. രണ്ടാമൂഴം രണ്ടാമൂഴം എന്ന പേരില്‍ തന്നെ സിനിമയാക്കട്ടേ, അങ്ങനെയെങ്കില്‍ അത് ഞങ്ങളും വന്ന് കാണാം ”
ശശികല ടീച്ചറിന്റെ ഈ പ്രസ്താവന കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തീയറ്ററുകളില്‍ എത്തുകയാണെങ്കില്‍ എന്ത് വില കൊടുത്തും തടയാന്‍ പ്രവര്‍ത്തകര്‍, അണികള്‍ തയ്യാറായി. ഇതോടെ സിനിമയുടെ സംവിധായകന്‍ ബി.ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു മറുചിന്തയിലേക്ക് പോയെന്നു സാരം.
അതേസമയം , ഇത്തരം വിവാദങ്ങളും ഭീഷണികളും ഉത്തരേന്ത്യയില്‍ നിത്യ സംഭവമാണെങ്കിലും കേരളത്തിലിത് ആദ്യമായിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേൽ നടന്ന കടന്നു കയറ്റത്തിൽ സംവിധായകൻ കമലിന് കിട്ടിയ പിന്തുണ പക്ഷെ ഒരു പരിധിവരെ സിപിഎമ്മിൽ നിന്നും, മറ്റു ഇടതുപക്ഷ സംഘടനകളിൽ നിന്നും ഈ വിഷയത്തിൽ കിട്ടിയില്ലെന്നതും വസ്തുത തന്നെ. ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ , ശശികല ടീച്ചറിനെതിരെ സംഘടിച്ച് നീങ്ങാന്‍ മറ്റ് സംഘടനകള്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല സിനിമാ മേഖലയില്‍ നിന്നുപോലും ശക്തമായ ഒരു പ്രതികരണം ഈ വിഷയത്തില്‍ ഉണ്ടായതുമില്ല.
അതേ സമയം സംഘപരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടായ എംടിയെ എതിര്‍ക്കാന്‍ വീണുകിട്ടിയ അവസരമായിരുന്നു അവര്‍ക്കത്. അവരില്‍ തന്നെ ഏറിയ പങ്കും മോഹന്‍ലാല്‍ അണികള്‍ ആണെന്നിരിക്കെ അവരും ലാലിനെ കയ്യൊഴിഞ്ഞ് ടീച്ചര്‍ക്കൊപ്പം കൂടി. മിക്ക വിഷയങ്ങള്‍ക്കും തന്റെ ബ്ളോഗിലൂടെ പ്രതികരിക്കുന്ന മോഹന്‍ലാലും ഇവിടെ നിശബ്ദനായി. ഇതോടെ എതിര്‍സ്വരം ഇല്ലാത്ത അവസ്ഥയായി.
കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഘട്ടം എത്തിയപ്പോഴാണ് സിനിമയുടെ നിര്‍മ്മാതാവ് സാക്ഷാല്‍ ബിആര്‍ ഷെട്ടി തന്നെ ഇന്നലെ പ്രസ്താവനയുമായി രംഗത്തെത്തിയത്. രണ്ടാമൂഴം മലയാളത്തിലെത്തുമ്പോള്‍ മഹാഭാരതം ആകില്ലെന്നും രണ്ടാമൂഴമായി തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിനിമക്ക് പിന്തുണ ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും കെപി ശശികലയെന്ന ഹിന്ദു ഐക്യ വേദിയുടെ അധ്യക്ഷക്ക് മുമ്പില്‍ ഇന്ത്യന്‍ വ്യവസായ രംഗത്തെ വമ്പന്‍ കാണിച്ച മാന്യതയാകും, സാമുദായിക മുറിപ്പെടുത്തലിൽ നിന്നുള്ള പിന്മാറ്റവും എന്തായാലും കേരളം എന്ന സാംസ്കാരിക സംസ്ഥാനത്തിന് ആരോഗ്യകരമായ പ്രതിശ്ചായ തന്നെയാണ് ലോകത്തിനു മുന്നിൽ നൽകിയതെന്നും പറയാതെ വയ്യ.
Post Your Comments