വഡോദര ; ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് ട്രോഫിക്ക് പകരം ലഭിച്ചത് പശുക്കൾ. ഗുജറാത്തിലെ വഡോദരയില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച ടീമംഗങ്ങള്‍ സമ്മാനമായി ലഭിച്ച പശുക്കളുമായി മൈതാനിയില്‍ നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
കന്നുകാലി കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടയാണ് ട്രോഫികള്‍ക്ക് പകരം പശുവിനെ സമ്മാനമായി നല്‍കിയതെന്ന്‍ സംഘാടകര്‍ പറഞ്ഞു. കന്നുകാലികള്‍ക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നല്‍കുന്ന റബാരി സമുദായമാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.
കഴിഞ്ഞ വര്‍ഷം നടന്ന ടൂർണമെന്റിൽ മാന്‍ ഓഫ് ദി മാച്ച് ആയ പ്രതിഭയ്ക്ക് പശുവിനെയായിരുന്നു സമ്മാനമായി സംഘാടകര്‍ നല്‍കിയിരുന്നത്. സമൂഹത്തിലെ പ്രധാന ഘടകമാണ് പശു എന്ന സന്ദേശം ഈ ടൂര്‍ണമെന്റിലൂടെ തങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നു എന്നും റബാരി സമുദായം കാലികളെ സംരക്ഷിക്കുന്നതിന് എന്നും മുന്‍ഗണന നല്‍കിയിട്ടുള്ള സമൂഹമാണ് എന്നും ടൂര്‍ണമെന്റിന്റെ സംഘാടകനായ പ്രകാശ് റബാരി പറയുന്നു. ഇത്തരത്തില്‍ ഒരു സമ്മാനം ലഭിച്ച തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് കളിക്കാര്‍ ഒരോരുത്തരും അഭിപ്രായപ്പെട്ടു.
Post Your Comments