തിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന നിര്‍ഭയം എന്ന പേരുള്ള ആത്മകഥയിലാണ് സിബി മാത്യൂസിന്റെ വെളിപ്പെടുത്തല്‍. കേസില്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണ്.
ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും കടുത്തസമ്മര്‍ദ്ദം ഉണ്ടായെന്നും മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ വിശ്വസ്തനും അന്ന് ഐജിയുമായിരുന്ന രമണ്‍ ശ്രീവാസ്തവ സംശയത്തിന്റെ നിഴലിലായ കാലത്ത് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുനെന്നും സിബി മാത്യു പറഞ്ഞു. ഉടന്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചാരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറിയം റഷീദ അടക്കമുള്ളവരുമായി മദ്രാസിലെ ഹോട്ടലില്‍വെച്ച് നടന്നുവെന്ന് പറയുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്ന് വിവരം ലഭിച്ച ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നയാള്‍ രമണ്‍ ശ്രീവാസ്തവ എന്നാണ് ഐബി വിശ്വസിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഐബി ആവശ്യപ്പെട്ടത്.
ശ്രീവാസ്തവക്കെതിരെ തെളിവില്ലെന്ന് പറഞ്ഞപ്പോള്‍ താന്‍ ഐബിയിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരും മലയാളികളായ മാത്യു ജോണും ആര്‍ബി ശ്രീകുമാറും അറസ്റ്റിനായി കടും പിടുത്തം പിടിച്ചതായി സിബി മാത്യൂസ് ആത്മകഥയില്‍ പറയുന്നു. എന്തിനായിരുന്നു ഐബിയുടെ നിര്‍ബന്ധം എന്നറിയില്ല.
തെളിവ് ചോദിച്ചപ്പോള്‍ ചാരവൃത്തിയില്‍ തെളിവൊന്നും വേണ്ടെന്നായിരുന്നു ഐബി നിലപാട്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ശരിക്കും ചാരവൃത്തി നടന്നോ എന്ന ആത്മകഥയിലും നേരിട്ടും ഇപ്പോള്‍ പറയാനാകില്ലെന്നാണ് സിബി മാത്യൂസിന്റെ നിലപാട്. സൂര്യനെല്ലി, കരിക്കിന്‍വില്ല കൊലപാതകം, ജോളിവധം, പോളക്കുളം കേസ് അടക്കം കേരളത്തെ ഞെട്ടിച്ച സംഭവങ്ങളിലെ അന്വേഷണത്തെക്കുറിച്ചും സിബി മാത്യൂസ് പുസ്തകത്തില്‍ പറയുന്നുണ്ട്.
Post Your Comments