തൃശ്ശൂര്‍: ഡ്രൈവിങ് ടെസ്റ്റിന് ഇനി ഇത്തരം കാറുകളും ഉപയോഗിക്കാം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പിന്‍ക്യാമറയും പിറകില്‍ സെന്‍സറുമുള്ള കാറുകളും ഉപയോഗിക്കാം എന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. നിര്‍ദേശം വാട്‌സാപ്പ് സന്ദേശമായാണ് ലഭിച്ചത്. ഇതുവരെ ഇത്തരം സൗകര്യങ്ങളുള്ള കാറുകള്‍ ‘എച്ച്’ ടെസ്റ്റിന് അനുവദിച്ചിരുന്നില്ല.
കൂടാതെ എച്ച് ടെസ്റ്റിന് മൈതാനത്ത് കുത്തിനിര്‍ത്തുന്ന കമ്പിയുടെ ഉയരം കുറയ്ക്കുകയും കമ്പികളില്‍ റിബണ്‍ കെട്ടണമെന്നും പുതിയ നിര്‍ദേശമുണ്ടായിരുന്നു. കാറിന്റെ പിന്‍ക്യാമറയില്‍ റിബണുകള്‍ വേഗം പതിയുമെന്നതിനാല്‍ കമ്പിയില്‍ തട്ടി ടെസ്റ്റ് തോല്‍ക്കാനുള്ള സാധ്യത ഇനി കുറയുമെന്നാണ് വിലയിരുത്തല്‍. സെന്‍സര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പിയിലും റിബണിലും തട്ടുംമുമ്പ് അറിയാനും കഴിയും.
എച്ച് എടുക്കുന്നതിനിടെ വണ്ടി കമ്പിയിലോ റിബണിലോ തട്ടിയാല്‍മാത്രമേ ടെസ്റ്റ് തോറ്റതായി കണക്കാക്കൂവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നുണ്ട്. കമ്പിയില്‍ തട്ടാതിരിക്കാന്‍ എത്രതവണ മുന്നോട്ടും പിന്നോട്ടും എടുക്കാമെന്ന് പറയുന്നില്ല. മുന്‍പ് കമ്പികള്‍ നോക്കി വേണമായിരുന്നു അതിര്‍ത്തിനിശ്ചയിക്കാന്‍. ഇപ്പോള്‍ റിബണ്‍ നോക്കിയാല്‍മതി. ഏത് നിറമുള്ള റിബണ്‍ കെട്ടണമെന്ന് പുതിയ ഉത്തരവിലില്ലാത്തതിനാല്‍ ടെസ്റ്റിനെത്തുന്നവരെ സഹായിക്കാന്‍ ചുവന്ന റിബണാണ് കെട്ടുന്നത്.
Post Your Comments