NattuvarthaLatest News

കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക്

മാനന്തവാടി: മധ്യവേനല്‍ അവധിക്കാലം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കുറുവാ ദ്വീപില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുന്നു. കടുത്ത വേനലിനെ തുടര്‍ന്ന് ഈ വര്‍ഷം സന്ദര്‍ശക സമയത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ദ്വീപില്‍ എത്തുന്ന സന്ദര്‍ശകരെ ബാധിച്ചിട്ടില്ല. ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാന്‍ എത്തുന്നവരുടെ എണ്ണ0 വര്‍ഷതോറും കൂടി വരികയാണ്.

ശനി, ഞായര്‍ ദിവസങ്ങളിലാണ് തിരക്ക് കൂടുതല്‍. മൂവായിരത്തിലധികം ആള്‍ക്കാര്‍ അവധി ദിവസങ്ങളില്‍ ദ്വീപില്‍ എത്തിചേരുന്നുനുണ്ടെന്നാണ് കണക്ക്. സാധാരണ ദിവസങ്ങളില്‍ ശരാശരി ആയിരത്തിലധികം ആള്‍ക്കാരും എത്തും. മലയാളികളെ കൂടാതെ തമിഴ്‌നാട്, കര്‍ണ്ണാടക, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സന്ദര്‍ശകരില്‍ ഏറെയും.

സമീപത്തുള്ള ആയുര്‍വേദ വില്ലകളില്‍ ചികിത്സയ്ക്കായി എത്തുന്ന വിദേശികളും ദ്വീപിലെ സന്ദര്‍ശകരാണ്. ദ്വീപിലെ തണുത്ത അന്തരീക്ഷം, കിലോമീറ്റര്‍ നീണ്ട വനത്തിലൂടെയുള്ള യാത്രകള്‍, ചങ്ങാടയാത്ര, കടുത്ത വേനലിലും ജലസമൃദ്ധമായ വനത്തിനുള്ളിലെ ജലാശയങ്ങള്‍, പാറക്കെട്ടുകള്‍ എന്നിവയാണ് ദ്വീപിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. കൂടാതെ ലഭിക്കുന്ന നാടന്‍ ഭക്ഷണ വിഭവങ്ങളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. രണ്ട് വഴികളിലൂടെയാണ് കുറുവാ ദ്വീപില്‍ എത്തിച്ചേരാന്‍ സാധിക്കുന്നത്. കാട്ടികുളം പാല്‍വെളിച്ചം വഴിയും, പുല്‍പ്പള്ളി പാക്കം വഴിയും.

മഴക്കാലം ആരംഭത്തോടെ താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്ന ദ്വീപ് മഴക്കാല ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും സന്ദര്‍ശക തിരക്ക് ഏറ്റവും കൂടുതല്‍ മധ്യവേനല്‍ അവധിക്കാലത്താണ്. 2015-16 വര്‍ഷം ഈ സീസണില്‍ സന്ദര്‍ശക ഫീസ് ഇനത്തില്‍ 68 ലക്ഷം രൂപയാണ് ലഭിച്ചത്. മഴ ആരംഭിക്കാന്‍ വൈകിയത് കാരണം പോയ വര്‍ഷം ജൂണ്‍ 20 ഓടെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 22 ലക്ഷത്തിലധികമായിരുന്നു അന്നത്തെ സന്ദര്‍ശകരുടെ എണ്ണം. തുടര്‍ന്ന് 2016 നവംബര്‍ ഒന്നിന് പ്രവര്‍ത്തനം പുനരാരംഭിച്ചു.

ഇതുവരെ 25 ലക്ഷത്തിലധികം ആള്‍ക്കാര്‍ കുറുവയില്‍ എത്തിക്കഴിഞ്ഞു. 75 ലക്ഷത്തിലധികം രൂപ ഫീസിനത്തില്‍ വരുമാനമായി ലഭിച്ചു കഴിഞ്ഞു. ഒരിക്കല്‍ വന്നാല്‍ വീണ്ടും വരാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രകൃതി സൗന്ദര്യമാണ് കുറുവയിലേക്ക് സഞ്ചാരികളുടെ തിരക്ക് കൂടാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button