ഇസ്ലാമാബാദ്: യുഎൻ കോടതി കുൽഭൂഷണ് യാദവിനെ കുറ്റവിമുക്തനാക്കിയാലും പാക്കിസ്ഥാൻ ജയിൽ മോചിതനാക്കില്ലെന്ന് യുഎൻ കോടതിയിൽ പാക്കിസ്ഥാനുവേണ്ടി ഹാജരായ അഭിഭാഷകൻ. ഇന്ത്യ കേസിൽ വിജയിച്ചതായി വ്യാജപ്രചാരണം നടത്തുകയാണ്. രാഷ്ട്രീയത്തിനാണ് നിയമത്തേക്കാൾ ഇന്ത്യ പ്രാധാന്യം നൽകുന്നത്. ഇടക്കാലവിധി ഒരു രാജ്യത്തിന്റെയും വിജയമോ പരാജയമോ അല്ലെന്നും അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തിയശേഷം പാക് അഭിഭാഷകൻ കൻവർ ഖുറേഷി വ്യക്തമാക്കി.
അന്താരാഷ്ട്ര നീതിന്യായ കോടതി കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം തള്ളിയാണ് വധശിക്ഷ സ്റ്റേ ചെയ്തത്. കേസിൽ 1977-ലെ വിയന്ന കണ്‍വൻഷന്റെ ഉടന്പടി ലംഘനമുണ്ടായിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി കുൽഭൂഷണെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പാക്കിസ്ഥാനെ ഓർമിപ്പിച്ചു.
പാക് പട്ടാളക്കോടതി ഇന്ത്യൻ നാവിക സേനയിൽനിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷണ് ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് വധശിക്ഷയ്ക്കു വിധിച്ചത്. ജാദവിനെ കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാക്കിസ്ഥാൻ ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല. മുൻ നാവിക ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷണ് ജാദവ് വ്യാപാര ആവശ്യങ്ങൾക്ക് ഇറാനിൽ എത്തിയപ്പോൾ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ഇന്ത്യ വാദിക്കുന്നത്.
Post Your Comments