മലപ്പുറം.
കരുവാരകുണ്ട്: കിഴക്കേതല ടൗൺ ഭാഗത്തെ അഴുക്കുചാലിനു മുകളിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. കാല പഴക്കം കൊണ്ട് സ്ലാബുകളില്‍ പലതും തകർന്ന അവസ്ഥയിലാണ്. അതിനാല്‍ തിരക്കേറിയ കരുവാരകുണ്ട് കിഴക്കേതല ടൗണിലെത്തുന്നവർ നടക്കുന്നത് സ്ലാബിനു മുകളിലൂടെയായതിനാല്‍ സ്ലാബിലെ കോൺക്രീറ്റ് അടർന്നു പോയ ഭാഗങ്ങളിലെ വിടവിൽ വീണ് യാത്രക്കാർ അപകടത്തിൽപ്പെടുക നിത്യസംഭവമാണ്.
ഒരു മാസം മുമ്പ് കാളികാവ് സ്വദേശിയായ യുവതിയുടെ കാൽ തകർന്ന സ്ലാബിന്റെ വിടവിൽപ്പെട്ട് ഗുരുതര പരിക്കേൽക്കുകയുണ്ടായി. ഇന്നലെ തമിഴ്നാട് സ്വദേശിയായ യുവാവും അപകടത്തിൽപ്പെട്ടിരുന്നു. ടൗൺ ഭാഗങ്ങളിൽ ഫുട്ഫാത്ത് നിർമ്മാണം നടത്തി കാൽനടയാത്രക്കാരുടെ പ്രയാസം പരിഹരിക്കണമെന്ന് ഗ്രാമപഞ്ചായത്തധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.
വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുന്നതോടെ ടൗണിലെ തിരക്ക് അനിയന്ത്രിതമാകുമെന്നും കൊച്ചു കുട്ടികൾ അഴുക്കുചാലിൽ വീണ് അപകടത്തിൽപ്പെടാൻ സാധ്യതയേറെയായാതിനാല്‍ അധികൃതര്‍ നിസംഗത വെടിഞ്ഞ് പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
കടപ്പാട്
ഒ.പി ഇസ്മായിൽ
കരുവാരകുണ്ട്.
Post Your Comments