കണ്ണൂര്‍:കന്നുകാലികളെ കശാപ്പിനായി ചന്തകളിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരേ അതിരുവിട്ടു പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പുലിവാലുപിടിച്ചു. ബീഫ് സമരത്തിന്റെ ഭാഗമായി പരസ്യമായി കന്നുകാലിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തള്ളി രാഹുൽ ഗാന്ധിയും.സംഭവത്തെ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി അപലപിച്ചു. കേരളത്തിൽ നടന്നത് കിരാതവും അംഗീകരിക്കാൻ കഴിയാത്തതുമായ നടപടിയാണെന്നു രാഹുൽ പറഞ്ഞു.
ട്വിറ്ററിൽ വൻപ്രതിഷേധമായിരുന്നു കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി കന്നുകുട്ടിയെ അറുത്ത സംഭവം.ക്രൂരകൃത്യം നടത്തിയ പ്രവർത്തകർക്കെതിരേ കണ്ണൂർ പൊലീസ് കേസും എടുത്തു.നടപടിയെ അതിരൂക്ഷമായി രാഹുൽഗാന്ധി തന്നെ വിമർശിച്ച സാഹചര്യത്തിൽ ഇവർക്കു പാർട്ടിയുടെ സംരക്ഷണവും ലഭിക്കില്ലെന്നുറപ്പായി.
കേരള പൊലീസ് നിയമം 120 എ അനുസരിച്ചാണു കേസ്. ഒരു വർഷം തടവും അയ്യായിരം രൂപയും പിഴയും അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ ശിക്ഷയായി ലഭിക്കാം. ഒരു ജീവനെ നടുറോഡിൽ ഇട്ടു പരസ്യമായി ഇല്ലാതാക്കുന്ന ക്രൂരത അംഗീകരിക്കാൻ കഴിയില്ലെന്നു ആരോപിച്ചു നിരവധി രൂക്ഷ പ്രതികരണങ്ങളാണ് ട്വിറ്ററിൽ വരുന്നത്.ഗോവധത്തെ എതിർക്കുന്നവരിൽ വലിയൊരു വിഭാഗം കോൺഗ്രസുകാരുമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രതിക്കൂട്ടിലുമാണ്.
ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ യൂത്ത് കോണ്ഗ്രസ് കണ്ണൂർ ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ, സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ കശാപ്പ് ചെയ്യുകയായിരുന്നു. പരസ്യമായി മാടിനെ അറുത്തശേഷം മാംസം വിതരണം ചെയ്തു. യൂത്ത് കോണ്ഗ്രസ് ലോക്സഭാ പ്രസിഡന്റ് റിജിൽ മാക്കുറ്റിയാണ് സമരം ഉദ്ഘാടനം ചെയ്തത്.
Post Your Comments