ഭാരതം മുഴുവന്‍ ഇപ്പോള്‍ കശാപ്പ് നിരോധനമാണ് മുഖ്യ ചര്‍ച്ചാ വിഷയം. വിഷയം ഊതിപ്പെരുപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനും അതുവഴി രാഷ്ട്രീയ പകപോക്കല്‍ നടത്താനുമാണ് പലരുടെയും ശ്രമം. ജനോപകാര പ്രദമോ സാമൂഹ്യ നന്മയോ മുന്‍നിര്‍ത്തി കോടതിയോ സര്‍ക്കാരോ എന്ത് തീരുമാനം കൈക്കൊണ്ടാലും ഇതിനെ നിശീതമായി വിമര്‍ശിക്കുവാനും കണ്ണടച്ച് അധിഷേപിക്കാനുമാണ് ഇക്കൂട്ടര്‍ സമയം കണ്ടെത്തുക. പ്രസ്തുത വിധി അല്ലെങ്കില്‍ ഉത്തരവ് പിന്‍വലിക്കണമെന്നോ അല്ലെങ്കില്‍ തിരുത്തണമെന്നോ ആകും ഇവരുടെ ആവശ്യം. എന്നാല്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരംചെയ്യുന്ന ഇക്കൂട്ടര്‍ ബ്രിട്ടണിലെ അവസ്ഥ എങ്ങനെയെന്ന് നോക്കുക.
മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യപ്രധാന്യം നല്കുന്ന ഒരു രാജ്യമാണ് ബ്രിട്ടണ്. അതുകൊണ്ടുതന്നെ ഇതിന് പിപരീതമായി നില്ക്കുന്ന ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാകും നേരിടേണ്ടി വരിക. അവിടെ ഭരകണകൂടം സ്വീകരിക്കുന്ന ഉത്തരവുകളുടെ ചുവടുപിടിച്ച് ആരും രാഷ്ട്രീയ ലാഭമോ പകപോക്കലോ നടത്താറില്ല. എന്നാല്‍ ഭാരതത്തിലെ സ്ഥതി ഇതിന് നേരെ വിപരീതമാണെന്ന് മാത്രം.
മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ട നിരവധി ഭക്ഷ്യ വസ്തുക്കള്‍ക്കാണ് അടുത്തിടെ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്. ഒരിക്കല്‍ നിരോധനം എര്‍പ്പെടുത്തിയാല്‍ അത് വര്‍ഷങ്ങളോളം തുടരും എന്നതാണ് പ്രത്യേകത. ചില അവസരങ്ങളില്‍ നമ്മുടെ രാജ്യത്ത് ലഭിച്ചേക്കാവുന്ന യാതൊരു വിട്ടുവീഴ്ചകളും ഇവിടെ ഉണ്ടാകില്ല. അതായത് തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഭരണകൂടം സ്വീകരിക്കുന്ന എല്ലാത്തരം നടപടികള്‍ക്കും പരിപൂര്‍ണ്ണ പിന്തുണ ജനങ്ങള്‍ നല്കുന്നു.
കേരളത്തില്‍ നിന്നുള്ള കറിവേപ്പിലയ്ക്കാണ് ഏറ്റവും ഒടുവില്‍ ബ്രിട്ടണില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നമ്മളെപ്പോലെതന്നെ അവിടെയും കറിവേപ്പിലയ്ക്ക് വലിയ ഡിമാന്റുണ്ടായിരുന്നിട്ടും നിരോധനത്തിനെതിരെ ഒരു ചെറുവിരല്‍പോലും എങ്ങും അനങ്ങിയില്ല. ബ്രിട്ടണ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വന്‍ സ്വാധീനമുണ്ടായിരുന്ന കേരളത്തിന്റെ സമുദ്രോല്‍പ്പാദന വിപണിയും ഇത്തരത്തില്‍ നഷ്ടമായിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. ഇവിടെയാണ് ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ രാജ്യത്തെ അവസ്ഥ ഏത് രീതിയിലാണെന്ന് നാം ഓര്‍ക്കേണ്ടത്.
ഇന്ന് പത്തോളം ഭക്ഷ്യവസ്തുക്കള്‍ക്കാണ് ബ്രിട്ടണില്‍ നിരോധനം ഉള്ളത്. കേരളത്തില്‍ നിന്നുള്ള കറിവേപ്പിലയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ആഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളില്‍നിന്ന് വരുന്ന കറിവേപ്പിലയ്ക്ക് വന്‍ വിലയാണ് അവിടെ ഈടാക്കുന്നത്. ആറ് തണ്ടിന് നൂറ്റി അന്‍പതോളം രൂപവരെ കൊടുക്കേണ്ടിവരുന്നു.
കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ജപ്പാനിലെ ചിലയിനം മിഠായി, കൂണ്, അരി, മുള, കൂമ്പ് മുതലായവയ്ക്കും ബ്രസീല്‍ നട്ടിനും ഇന്തൊനേഷ്യയിലെ ജാതിക്കായ്ക്കും ചൈനയിലെ ഒരുജാതി അരിക്കും ഇന്ത്യയിലെ ചില മുളക്, വെണ്ടയ്ക്ക ഇനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് പുറമെ 13 ഓളം രാജ്യങ്ങളുടെ പഴവര്ഗ്ഗങ്ങള്ർക്കും പലവിധ നിബന്ധനകളും ഏർപ്പെടുത്തി. ബീഫില്‍ കുതിര ഇറച്ചിയുടെ നാരുകള്‍ കണ്ടപ്പോള്‍ മോശം ഇറച്ചി കലര്‍ന്ന ബര്‍ഗറുകള്‍ വില്‍ക്കുന്ന കടകള്‍ കണ്ടെത്താനായി വ്യാപക തെരച്ചില്‍ നടത്തുകയും ഇവ വിതരണം ചെയ്തവര്‍ക്ക് ലണ്ടന്‍സിറ്റി കൗൺസിൽ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
കീടനാശിനി പ്രയോഗം കണ്ടെത്തി ഭക്ഷ്യവര്‍ഗ്ഗങ്ങള്‍ നിരോധിച്ചപ്പോള്‍ വന്‍ സാമ്പത്തിക നഷ്ടം അവര്‍ക്കുമുണ്ടായി. എന്നാല്‍ ഇക്കാരണത്താല്‍ തങ്ങളുടെ ആരോഗ്യത്തിന് ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. ഇതിനായി രാഷ്ട്രീയ മുതലെടുപ്പ് നടത്താനോ സര്‍ക്കാരിനെ പഴിചാരാനോ ജനങ്ങള്‍ ശ്രമിച്ചില്ല. ഇത്തരം തീരുമാനങ്ങള്‍ തങ്ങളോരോരുത്തരുടെയും നന്മയ്ക്കാണെന്ന ഉത്തമ ബോധം ഉണ്ടാവുകയും ഭരണകൂടത്തെ ബഹുമാനിക്കുകയും ചെയ്യുകയായിരുന്നു അവർ. ഇത്തരം സംസ്കാരങ്ങള്‍ ഏവരും മാതൃകയാക്കേണ്ടതാണ്.
Post Your Comments