ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് നീക്കം നേരിടാൻ ഇന്ത്യ തയ്യാറാകുന്നു. ചൈനീസ് അതിർത്തി കാക്കാനുള്ള പുതിയ സൈനിക വിഭാഗത്തിന്റെ രണ്ടാം ഡിവിഷനെ സജ്ജീകരിക്കാനുള്ള പദ്ധതി ആരംഭിച്ചു. നിലവിൽ 17 മൗണ്ടൻ സ്ട്രൈക് കോർ വിഭാഗത്തെ ചൈനീസ് അതിർത്തിയിലേക്കു വേണ്ടി രൂപീകരിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായാണ് മറ്റൊരു ഡിവിഷൻ കൂടി ഉണ്ടാക്കുന്നത്.
ചൈനയുമായുള്ള 4,057 കിലോമീറ്റർ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ രേഖയിൽ ശക്തി നേടാനാണു ഇതിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തിനുള്ളിൽ പഞ്ചാബിലെ പഠാൻകോട്ട് ആസ്ഥാനമാക്കിയുള്ള പുതിയ 72–ാം ഇൻഫൻട്രി ഡിവിഷന്‍ പൂർണമായി സജ്ജമാകും. ഡിവിഷനു കീഴിൽ ആദ്യം ഒരു ബ്രിഗേഡായിരിക്കും ഉണ്ടാകുക. എന്നാൽ പൂർണ സജ്ജമാകുമ്പോഴേക്കും മൂന്നു ബ്രിഗേഡുകൾ ഉണ്ടാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
2014 ജനുവരിയിലാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോർ വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങിയത്. അന്ന്, നിലവിലുണ്ടായിരുന്ന മൂന്ന് സ്ട്രൈക്ക് കോർ ഡിവിഷനുകളും പാക്കിസ്ഥാനിൽനിന്നുള്ള ആക്രമണത്തെ ചെറുക്കുന്നതിനാണു പ്രവർത്തിച്ചിരുന്നത്.
Post Your Comments